ജീവിതശൈലീ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് അവയവ വിച്ഛേദനം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്നത് അതികഠിനമായ ദുരവസ്ഥ തന്നെയാണ് ജീവിതത്തിൽ.
ന്യൂറോപ്പതി, പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് തുടങ്ങിയ അവസ്ഥകളാണ് അവയവ വിച്ഛേദനം എന്ന സങ്കീര്‍ണ്ണതയിലേക്കെത്തിക്കുന്നത് തന്നെ .
ന്യൂറോപ്പതി
പ്രമേഹ രോഗികളില്‍ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ് ഡയബറ്റിക് ന്യൂറോപ്പതി. അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് പ്രമേഹ ന്യൂറോപ്പതി. രക്തത്തിലെ ഉയര്‍ന്ന ഷുഗര്‍ നില ശരീരത്തിലുടനീളമുള്ള നെര്‍വ് ഫൈബറുകളെ നശിപ്പിക്കുന്നു . ഞരമ്പുകൾക്കുള്ളിലൂടെ വേണ്ടത്ര രക്തം ലഭിക്കാത്ത ന്യൂറോണല്‍ ഇസ്കെമിയ എന്ന അവസ്ഥയുണ്ടാകും. ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് ഞരമ്പുകൾക്ക് നേരിട്ടും ആഘാതം സൃഷ്ടിച്ചേക്കാവുന്നതാണ് .
പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്
പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (പിഎഡി) എന്ന ധമനീരോഗമാണ് പ്രധാനമായും അവയവ വിച്ഛേദം എന്ന സങ്കീര്‍ണമായ അവസ്ഥയിലേക്കെത്തിക്കുന്നത്. കാലുകളിലെ രക്തക്കുഴലില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടിയാണ് ഈ രോഗത്തിൻറെ തുടക്കം. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ ധമനികളിലെ ഭാഗികമായി ഉണ്ടാകുന്ന തടസ്സം ക്രമേണ പൂര്‍ണ്ണ ബ്ലോക്ക് ആയിമാറുന്നതാണ്.
വിവാഹമോചിതരായ പുരുഷന്മാര്‍ എന്തുകൊണ്ട് ?
പ്രമേഹം മൂലം കൈകാലുകള്‍ വിച്ഛേദിക്കപ്പെടാൻ വിവാഹമോചിതരായ പുരുഷന്മാര്‍ക്ക് സാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയത്. പ്രമേഹമുള്ള വിവാഹമോചിതരായ പുരുഷന്മാര്‍ രോഗം മൂലം കാലുകളോ കാല്‍പാദമോ ഭാഗികമായോ പൂര്‍ണ്ണമായോ ഛേദിക്കപ്പെടാനുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യത നേരിടുന്നവരാണെന്നാണ് പഠനത്തില്‍ പറയുന്ന പ്രധാന കാര്യം . ഇതിന് പിന്നിലെ വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിവാഹമോചനത്തോടെ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണശീലങ്ങളിലും കാണിക്കുന്ന ശ്രദ്ധക്കുറവാകാം ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ക്കും അവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.