തിരുവനന്തപുരം :ഉന്നതവിദ്യാഭ്യാസരംഗത്ത് നൽകിയ സമഗ്രസംഭാവന യ്ക്ക് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ് യൂ ഇ ഒ) ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മാരക
പ്രജ്ഞാനശ്രേഷ്ഠ പുരസ്‌കാരം മരണാനന്തര ബഹുമതിയായി വിദ്യാഭ്യാസവിചക്ഷണനും വൈസ് ചാൻസലറു മായിരുന്ന ഡോ. എ സുകുമാരൻ നായർക്ക് നൽകും. 50001 രൂപയും ശില്പവും പ്രശസ്തിപത്രവും ഈ മാസം 20 ന് തിരുവനന്തപുരത്ത് നടക്കുന്ന ഫെഡറേഷന്റെ വാർഷികസമ്മേളനവേദിയിൽ വച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സമ്മാനിക്കും. ഡോ എ സുകുമാരൻ നായരുടെ മകൻ പ്രൊഫ:(ഡോ). അച്യുത് ശങ്കർ എസ്.നായർ പുരസ്‌കാരം ഏറ്റുവാങ്ങും.
1980 ൽ രൂപവത് ക്കരിച്ച കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ ജീവനക്കാരുടെ ഫെഡറഷന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
കുസാറ്റ്, അലിഗർ സർവ്വകലാശാലകളുടെ മുൻ വിസി ഡോ.
പി.കെ. അബ്ദുൽ അസീസ്, എംജി, കാസർഗോഡ് കേന്ദ്ര സർവ്വകലാശാലകളുടെ മുൻ വിസി ഡോ. ജാൻസി ജെയിംസ്, സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്.ശശികുമാർ എന്നിവരടങ്ങിയ സമിതിയാണ് ഡോ.എ സുകുമാരൻ നായരെ പുരസ്‌കാരത്തിനായി നിർദേശിച്ചത്.
വൈജ്ഞാനിക, ഗവേഷണ ബോധന പ്രക്രിയയിൽ ഡോ. എ. സുകുമാരൻ നായർ നടത്തിയത് സ്ഥായിയും സമഗ്രവുമായ ഇടപെടലുകളാണ്. സ്കൂൾ അധ്യാപകൻ കേരള, കാലിക്കറ്റ് സർവകലാശാലകളിലെ പ്രഫസർ, കേരള യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ,എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നിങ്ങനെ പതിറ്റാണ്ടുകൾ നീണ്ട കർമവീഥിയിലെ ഓരോ അവസരവും അദ്ദേഹം ദീർഘവീക്ഷണത്തോടുകൂടി വിനിയോഗിച്ചുവെന്നും സമിതി വിലയിരുത്തി.
ഓരോ രണ്ട് വർഷത്തിലും
ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപക ഗവേഷണ ഭരണരംഗങ്ങളിൽ മികച്ചതും മാതൃകാപര വുമായ സേവനം നൽകിയ വ്യക്തികൾക്ക്
പ്രജ്ഞാനശ്രേഷ്ഠ പുരസ്‌കാരം നൽകുമെന്ന് എഫ് യൂ ഇ ഒ പ്രസിഡന്റ്
ഒ. റ്റി. പ്രകാശ് ജനറൽ സെക്രട്ടറി എൻ മഹേഷ് എന്നിവർ അറിയിച്ചു.
വാർഷിക സമ്മേളനം ജൂൺ 20 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. 19 ന് ഉന്നതവിദ്യാഭ്യാസരംഗത്തെ വിവിധ വിഷയങ്ങളിന്മേൽ ഐഡിയേഷൻ കോൺക്ലെവും സംഘടിപ്പിച്ചിട്ടുണ്ട്.