പ്രഗൽഭ ഹൃദ്‌രോഗ ചികിത്സകനും തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ കെ. ശിവപ്രസാദ്, ഈ മാസം വിരമിക്കുന്നു1 min read

പതിനായിരം ഹൃദയങ്ങളെ സ്പർശിച്ച, അവരുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ, പ്രഗൽഭ ഹൃദ്‌രോഗ ചികിത്സകനും തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ കെ. ശിവപ്രസാദ്, ഈ മാസം വിരമിക്കുന്നു. ഹൃദയ ചികിത്സാ രംഗത്ത് തൻ്റെ ഹൃദയ മുദ്ര പതിപ്പിച്ച, ആധുനിക ചികിൽസകൾ സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവർക്കും പ്രാപ്യമാക്കിയ മുപ്പത്തി അഞ്ച് വർഷത്തെ സുദീർഘമായ ആതുര ശുശ്രൂഷാ രംഗത്ത് നിന്നും ആണ് ഡോ ശിവപ്രസാദ് വിരമിക്കുന്നത്. 1985 ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പാസായതിനു ശേഷം 1987 – 90 ജനറൽ മെഡിസിനിൽ എം. ഡി ബിരുദവും നേടി 1990 ൽ തന്നെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിൽ ലക്ചറർ ആയി ആതുര ശുശ്രൂഷ ആരംഭിക്കുകയും, തുടർന്ന് 1994ൽ കാർഡിയോളജിയിൽ ഡിഎം ബിരുദം നേടുകയും ചെയ്തു. 1997 ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആയി നിയമിതനാവുകയും തുടർന്ന് 1997 മുതൽ 2002 വരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുകയും, 2003 മുതൽ തൃശൂർ മെഡിക്കൽ കോളജിൽ അസോസിയേറ്റ് പ്രൊഫസർ ആയി സേവനം തുടരുകയും ചെയ്തു. 2010 മുതൽ 2012 വരെ ആലപ്പുഴ ടീ.ഡി മെഡിക്കൽ കോളജിൽ പ്രൊഫസർ & ഹെഡ് ആയി പ്രവർത്തിക്കുകയും 2012 മുതൽ 2016 വരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രൊഫസർ ആയി സേവനം നൽകുകയും ചെയ്തു. വീണ്ടും, 2016 മുതൽ 2021 വരെ ആലപ്പുഴ ടീ. ഡി മെഡിക്കൽ കോളജിൽ പ്രൊഫസർ & ഹെഡ് ആയി പ്രവർത്തിക്കുകയും 2022 മുതൽ 2025 വരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രൊഫസർ & ഹെഡ് ആയി പ്രവർത്തിക്കുകയും, ഈ മാസം 30 ന് സർക്കാർ സേവനത്തിൽ നിന്നും പിരിയുകയുമാണ്. 2022 -2025 കാലഘട്ടത്തിൽ കേരള ഹാർട്ട് ഫൗണ്ടേഷൻ്റെ ഡയറക്ടർ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. വിവിധ കാലയളവുകളിൽ കേരള ഹാർട്ട് ഫൗണ്ടേഷൻ്റെ പ്രോജക്ട് ഓഫീസർ ചുമതലയും വഹിച്ചിട്ടുണ്ട്.
2002 -2003 കാലഘട്ടത്തിലെ കേരള സ്റ്റേറ്റ് സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെൻ്റ് നൽകുന്ന പ്രെസ്റ്റീജിയസ് വാസുദേവ അവാർഡ് ഫോർ ബെസ്റ് ഹ്യൂമൺ മിഷൻ പ്രോജക്ട് എന്ന അവാർഡ് കരസ്ഥമാക്കി. കാർഡിയോളജി മേഖലയിൽ ഈ അവാർഡ് നേടിയ ഒരേയൊരു ഡോക്ടർ ഇദ്ദേഹമാണ്. കാർഡിയോളജി മേഖലയിൽ സ്വദേശത്തും വിദേശത്തുമായി അനേകം പരിശീലന പരിപാടികളിൽ പങ്കെടുത്തു നേടിയ അറിവും, പ്രായോഗിക പരിചയവും, പാവപ്പെട്ട അനേകം രോഗികൾക്ക് പുതിയ ജീവിതത്തിലേക്കുള്ള പിടി വള്ളിയായി മാറിയിട്ടുണ്ട്. 2009 – 2010 കാലയളവിൽ ഫ്രാൻസിൽ വെച്ച് നടന്ന പരിശീലനത്തിൽ ഇൻറർവെൻഷണൽ കാർഡിയോളജിയിൽ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും നേടുകയും, ലോകപ്രശസ്തരായ അനേകം ഹൃദയ ചികിത്സാ വിദഗ്ദരുമായി ഇടപഴകാനും, ഈ അവസരം ഉപയോഗപ്പെട്ടു. താൻ നേടിയ അറിവും, പ്രായോഗിക പരിശീലനവും, സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്നതിൽ ഡോ. ശിവപ്രസാദ് എന്നും ബദ്ധശ്രദ്ധനായിരുന്നു.

ദേശീയവും അന്തർദേശീയവുമായ വിവിധ ജേണലുകളിൽ ഇതുവരെ 38 ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ കോൺഫറൻസുകളിലായി അനേകം പേപ്പറുകൾ പ്രസന്റ് ചെയ്തിട്ടുണ്ട്. തന്റെ സേവന കാലയളവിൽ ഇതുവരെയും പതിനായിരത്തിലധികം കാർഡിയോളജിക്കൽ പ്രൊസീജറുകൾ നടത്തിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് അലോയ്ഡ് സയൻസസ് കീഴിൽ വിവിധ ഗവേഷകർക്ക് ഗൈഡ് ആയി പ്രവർത്തിക്കുകയും എംഡി, ഡി എം കോഴ്സ് ചെയ്യുന്ന കുട്ടികളുടെ അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി രൂപീകരിച്ച ആദ്യത്തെ മെഡിക്കൽ ബോർഡിലെ അംഗം, വിഎസ് എസ് സി മെഡിക്കൽ ബോർഡ് അംഗം കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിൻ്റെ പ്രസിഡണ്ട്, ഇന്ത്യൻ അക്കാദമി ഓഫ് എക്കോ കാർഡിയോഗ്രാഫിയുടെ മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി, സൊസൈറ്റി ഫോർ ആൻജിയോഗ്രാഫി ആൻഡ് ഇൻറർവെൻഷണൽ കാർഡിയോളജി, ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി എന്നീ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ഹൃദയ ചികിത്സാരംഗത്തെ ആധുനിക മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഏറ്റവും നൂതനമായ ചികിത്സ ഏറ്റവും സാധാരണക്കാരന് കൂടി പ്രാപ്തമാക്കുക എന്ന് ഉദ്ദേശത്തോടുകൂടി സർക്കാരിൻറെ വിവിധ ഇൻഷുറൻസ് സ്കീമൂകളും മറ്റു പദ്ധതികളിലും ഉൾപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ നടത്തിക്കൊടുക്കുന്നതിന് പ്രത്യേക ശ്രദ്ധ കാണിച്ചിട്ടുണ്ട്. അതിൽ പ്രധാനമായും ലീഫ് ബണ്ടിൽ ബ്രാഞ്ച് പേസിങ് എന്ന കാർഡിയക് പേസിംഗ് ചികിത്സാരീതിയും തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയിട്ടുണ്ട്. അത്തരം 75 ൽ അധികം കേസുകൾ നടത്തിയിട്ടുണ്ട്. സർക്കാർ മേഖലയിൽ ഏറ്റവും ഉയർന്ന കേസ് നിരക്കാണ്.
ട്രാൻസ് അയോർട്ടിക് വാൽവ് ഇംപ്ളാൻേറഷൻ (TAVI) എന്ന ചികിത്സ പത്തിലധികം രോഗികൾക്ക് നടത്തിയിട്ടുണ്ട്. 2022 ൽ – സർക്കാർ മേഖലയിൽ ഏറ്റവുമധികം പ്രൈമറി അഞ്‌ജിയോപ്ലാസ്റ്റി് നടത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആണ്.
1962 ൽ തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീ. എൻ കുഞ്ഞികൃഷ്ണ പിള്ളയുടെയും (P.A to Superintendent of Government Exams ) ശ്രീമതി. സത്യഭാമ അമൻയുടെയും (ഹെഡ്മിസ്ട്രസ്സ് ) മകനായി 1962 ൽ ആണ് ഡോ. ശിവപ്രസാദിൻ്റെ ജനനം. ഡോ. സുധാ മേനോൻ, പ്രൊഫ. ഗൈനക്കോളജി, SAT ഹോസ്പിറ്റൽ, തിരുവനന്തപുരം, ആണ് സഹധർമണി. മക്കൾ ഡോ. ആനന്ദ് ശിവപ്രസാദ്, DM വിദ്യാർഥി ഗവ മെഡിക്കൽ കോളജ് തിരുവനന്തപുരം, ഡോ. ദിവ്യ ശിവപ്രസാദ് സീനിയർ റസിഡൻ്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി വകുപ്പ് SAT ഹോസ്പിറ്റൽ തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *