13/3/23
കൊച്ചി :തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ വിജയിച്ച വികേന്ദ്രികൃത മാലിന്യ സംസ്കരണം കൊച്ചിയിലും പരീക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നതായി വിവരം.രണ്ടിടത്തും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡോ. തോമസ് ഐസക്കിനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അഭ്യുഹങ്ങൾ പടരുന്നു.
മറ്റിടങ്ങളില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതില്‍ പങ്കാളികളായ സന്നദ്ധ സേവകരെയും ഈ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനകം തുടക്കമിട്ടിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരെയും പദ്ധതിയുടെ ഭാഗമാക്കും.
കൊച്ചിയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിന് ശുചിത്വ മിഷന്റെ സഹകരണത്തോടെ കര്‍മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കുന്നത് നിര്‍ത്തും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ചുതന്നെ സംസ്‌കരിക്കും.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കാത്ത ഏക സ്ഥലം കൊച്ചിയാണെന്ന് ഡോ. ഐസക് പറഞ്ഞു. 29 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ബ്രഹ്മപുരത്ത് മാത്രമാ ണ് ഇപ്പോഴും മാലിന്യം നിക്ഷേപിക്കുന്നത്. മറ്റൊരിടത്തുനിന്നും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഐസക് ചൂണ്ടിക്കാട്ടി.
ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് കംപോസ്റ്റ് ആയി മാറ്റുന്ന രീതിയിലേക്ക് അടിയന്തരമായി മാറേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും കൊച്ചിയില്‍ ഉടനീളം താത്കാലിക വിന്‍ഡ്രോ കംപോസ്റ്റിങ് യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വേര്‍തിരിച്ച് റീസൈക്കിള്‍ ചെയ്യാവുന്നവ മാറ്റണം. റീസൈക്കിള്‍ ചെയ്യാനാവാത്തവ ടാര്‍ നിര്‍മാണത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.