27/3/23
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
മരണ കാരണം കോവിഡും ശ്വാസകോശ രോഗങ്ങളുമാണെന്ന് ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍. ക്യാന്‍സര്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും പുഞ്ചിരി കൊണ്ട് നേരിട്ട ഇന്നസെന്റ് ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും രോഗത്തെ നേരിടുന്നവര്‍ക്കും വലിയ പ്രചോദനമായിരുന്നെന്നും ഡോ.ഗംഗാധരന്‍ പറഞ്ഞു.
ഇന്നസെന്റ് എന്റെ മുന്നിലെത്തിയ വെറുമൊരു രോഗി മാത്രമായിരുന്നില്ല. ഉറ്റ സുഹൃത്ത് കൂടിയായിരുന്നു. ഇന്നസെന്റിന്റെ മരണത്തില്‍ മലയാളികള്‍ എല്ലാവരും ദുഖിക്കുന്നുണ്ട്. എന്നാല്‍ ഇന്നസെന്റിന്റെ മരണം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് ക്യാന്‍സര്‍ രോഗികളായിരിക്കുമെന്നും ഡോ. വി.പി ഗംഗാധരന്‍ പറഞ്ഞു.
എക്‌മോ ചികിത്സയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നടനെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു താരം. ഈയിടെ ഇന്നസെന്റിന് ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു.അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദര്‍ശനത്തിനിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്‌നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ തെറ്റാണെന്നും ലേക്ക്‌ഷോര്‍ ആശുപത്രി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തെത്തുന്നത്.
മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.