‘സരിൻ അവസരവാദി, പാർട്ടി തന്നെ മനസിലാക്കിയില്ല ‘തുറന്ന് പറച്ചിലുമായി ഇ പി ജയരാജന്റെ ആത്മകഥ ബോംബ്, നിഷേധിച്ച് ജയരാജൻ1 min read

 

തിരുവനന്തപുരം :എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പരാമർശം. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ താൻ എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയില്‍ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു.

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനവും പുസ്തകത്തില്‍ ഇപി ഉന്നയിക്കുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്. മരിക്കും വരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാൻ മരിച്ചു എന്നർത്ഥമെന്നും ഇപി പറയുന്നു. കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും എന്ന പുസ്തകത്തിലാണ് പരാമർശങ്ങള്‍.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ വിവാദമായ പരാമർശങ്ങൾ ഉൾപെടുത്തിയ പുസ്തകത്തിന്റെ ഉള്ളടക്കം പുറത്ത് വന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *