3/3/23
തിരുവനന്തപുരം :ഇ. പി. യുമായുള്ള പിണക്കം മാറ്റാൻ ഇൻഡിഗോ കമ്പനി.കമ്പനി യോടുള്ള നിസഹകരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോ ഇപിയെ ഫോണില്‍ ബന്ധപ്പെട്ടത്. രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് ഇപി ഇന്‍ഡിഗോ പ്രതിനിധികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കാരണത്താല്‍ ഇന്‍ഡിഗോ ഇപി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ താന്‍ ഇന്‍ഡിഗോ എയല്‍ലൈന്‍സ് ബഹിഷ്‌കരിക്കുന്നതായി ഇപിയും അറിയിച്ചിരുന്നു. വിമാനത്തില്‍ വച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യാത്രാവിലക്ക്.
”ഇന്‍ഡിഗോ എയര്‍ലൈന്‍സ് എനിക്ക് വേണ്ടി നടപടി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടാല്‍ ആ തെറ്റ് തിരുത്താന്‍ ആ കമ്പനി മുന്നോട്ടുവന്നാല്‍ നല്ലത്. ഞാന്‍ ഏതായാലും ഇനി മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനില്ല. അതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ, അതിലുള്ള എന്റെ നിലപാട് അതാണ്.” ഇ.പി വിലക്ക് സംബന്ധിച്ച് നടത്തിയ പ്രസ്താവന ഇതാണ്.