16/2/23
തിരുവനന്തപുരം :സ്വപ്നയ്ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കര്‍ പറയുന്ന വാട്സാപ്പ് സന്ദേശം ഇ.ഡി. കസ്റ്റഡി അപേക്ഷയില്‍ ഉള്‍പ്പെടുത്തി. സ്വപ്നയുടെ ജോലി ലോ പ്രൊഫൈല്‍ ആകുമെങ്കിലും ശമ്പളം ഇരട്ടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ശിവശങ്കറിന്റെ സന്ദേശവും കസ്റ്റഡി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങള്‍ ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. ശിവശങ്കറും സ്വപ്നയും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പ്രധാനപ്പെട്ട തെളിവെന്ന് ഇ.ഡി. പറയുന്നു. ഇതാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്യങ്ങള്‍ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് പറ്റിയാല്‍ എല്ലാം സ്വപ്നയുടെ തലയിലാകുമെന്ന കാര്യവും ശിവശങ്കര്‍ വാട്സാപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. കേസില്‍ ഒൻപതാം പ്രതിയാണ് ശിവശങ്കര്‍ എന്നും ഇ.ഡി. വ്യക്തമാക്കുന്നു.31-7-2019-ല്‍ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഇ.ഡി. കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകള്‍ എന്നാണ് ഇ.ഡി. ഇതിനെക്കുറിച്ച് പറയുന്നത്. കേസില്‍ ഈ ചാറ്റുകള്‍ ഏറെ നിര്‍ണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഇ.ഡി. വ്യക്തമാക്കുന്നു.