മലപ്പുറം: സിനിമ കാണാൻ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാൻ നിര്‍ബന്ധിച്ച് തിരിച്ചയച്ച തിയറ്ററുടമ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിൻ പ്രകാരം 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണം.
മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ 2022 നവംബര്‍ 12ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ‘ലാഡര്‍’ തിയറ്ററില്‍ അടുത്തദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ സ്വകാര്യ ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍നിന്ന് വാങ്ങാൻ പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്.
ഓണ്‍ലൈനില്‍ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങുന്നെന്നും അത് തിയറ്ററുടമയും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും ചൂണ്ടിക്കാണിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമീഷനില്‍ പരാതി നൽകുകയുണ്ടായത്.
സ്ഥിരമായി ഈ തിയറ്ററില്‍നിന്ന് സിനിമ കാണുന്ന പരാതിക്കാരൻ ഓണ്‍ലൈനില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധികസംഖ്യ ഈടാക്കുന്നതിന്റെയും രേഖകള്‍ കമീഷൻ മുമ്പാകെ ഹാജരാക്കിയിരുന്നു