തിരുവനന്തപുരം :മാലിന്യ നിർമാർജനത്തിനായി ബയോപാർക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ മാലിന്യമുക്ത വിദ്യാലയമായി കൊഞ്ചിറ സർക്കാർ യുപി സ്കൂൾ മാറുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സ്കൂളിലെ ബയോപാർക്കിന്റെ ഉദ്ഘാടനവും വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയന വർഷത്തിൽ പ്രവേശനോത്സവത്തിനൊപ്പം വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനവും ഉണ്ടാവും. രണ്ടുമാസം കൊണ്ട് വർണ്ണ കൂടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കും.
സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കുകയാണ്. പുതിയ സ്കൂൾ ബസ്സും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കാനും അധ്യാപകരും സർക്കാരിനൊപ്പം പ്രവർത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശുചിത്വമിഷന്റെ നേതൃത്വത്തിൽ 8 ലക്ഷം രൂപ വിനിയോഗിച്ചാണ് മാലിന്യനിർമാർജനത്തിനായി സ്കൂളിൽ ബയോപാർക്ക് നിർമ്മിച്ചത്. പൊതു വിദ്യഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണ്ണ കൂടാരം സാധ്യമാകുന്നത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, കൊഞ്ചിറ വാർഡ് മെമ്പർ എം. സതീശൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹെഡ്മാസ്റ്റർ പവിത്രൻ.എം തുടങ്ങിയവർ പങ്കെടുത്തു.