തിരുവനന്തപുരം :തരിശുഭൂമിയിലും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും പരമാവധി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. വീട്ടിലോ പരിസരത്തോ ഒരു തൈ എങ്കിലും വച്ചുപിടിപ്പിക്കാനായാൽ, അതാവും നാടിനും ഭാവി തലമുറയ്ക്കുമായി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷനുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിൽ മത്തനാട് കാവോരം വീഥിയിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി നിരവധി നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണെന്നും ഒരു കാലത്ത് നാട്ടിൽ സുലഭമായിരുന്നതും എന്നാൽ ഇപ്പോൾ അപ്രത്യക്ഷമായി വരുന്നതുമായ ഫലവൃക്ഷങ്ങൾ തിരികെ കൊണ്ടുവരണമെന്നും അതിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വഴിയൊരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ലോകം മരുഭൂവൽക്കരണവും തരിശുഭൂമി വർധനയും നേരിടുന്ന പശ്ചാത്തലത്തിൽ നമ്മുടെ ഭൂമിക്കും ഭാവിക്കുമായി ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും വിലപ്പെട്ടതാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ പറഞ്ഞു. തരിശിടങ്ങളിൽ പച്ചപ്പൊരുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്തുകൾ കേരളം 2050 ൽ കൈവരിക്കാൻ ലക്ഷ്യമിടുന്ന നെറ്റ് സീറോ കാർബൺ എമിഷൻ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണെന്നും ഡോ. ടി.എൻ. സീമ വ്യക്തമാക്കി.
മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖാ കുമാരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം. അനിൽകുമാർ, വിജയകുമാരി ആർ, മറ്റ് ജനപ്രതിനിധികൾ, ഹരിതകേരളം മിഷനിലെയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് 14. കിലോമീറ്റർ ദൂരത്ത് മുള തൈ വച്ചുപിടിപ്പിക്കുന്ന പരിപാടികൾക്കും തുടക്കമായി. 15 ഇനങ്ങളിലുള്ള വിവിധയിനം മുളകളുടെ തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്.