തിരുവനന്തപുരം :കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അത്യാഹിത വിഭാഗ മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും ആശുപത്രിയിലെ ഐ.പി, ഒ.പി ബ്ലോക്കുകളുടെ നിർമ്മാണോദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജും നിർവഹിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ആശ്വാസമാണ് കേരളത്തിലെ സർക്കാർ ആശുപത്രികളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരളമെമ്പാടുമുള്ള സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി സാധാരണക്കാരന് മികച്ച ചികിത്സ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കന്യാകുളങ്ങര ഉൾപ്പെടെ 52 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ട്രോമാകെയർ സംവിധാനം ഒരുങ്ങുകയാണെന്നും കന്യാകുളങ്ങരയിലെ ട്രോമാ കെയർ സംവിധാനം ഈ വർഷം യാഥാർഥ്യമാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് സർക്കാർ പരിഗണനയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി കേരളം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 45 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാഹിത വിഭാഗ മന്ദിരത്തിന്റെ നിർമ്മാണം നടത്തിയത്. ആരോഗ്യ വകുപ്പിന്റെ നോൺ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആറ് കോടി രൂപ ചെലവഴിച്ചാണ് ഐ.പി, ഒ.പി ബ്ലോക്കുകൾ നിർമ്മിക്കുന്നത്.രണ്ടാം ഘട്ടമായി നിർമിക്കുന്ന നാല് നില കെട്ടിടത്തിൽ ഒ.പി, 75 കിടക്കകളുള്ള ഐ. പി, എക്സ്-റേ, ഫാർമസി, ലാബ്, ഓപ്പറേഷൻ തിയറ്റർ എന്നിവ പ്രവർത്തിക്കും. അത്യാഹിത വിഭാഗത്തിനായി നിർമ്മാണം നടത്തിയ പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം സജ്ജീകരിക്കാനായി ആരോഗ്യ വകുപ്പ് 50 ലക്ഷം രൂപയുടെ ഉപകരണങ്ങളും സി.സി.ടി.വി, ഇ – ഹെൽത്ത് എന്നിവയ്ക്കായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപയും മറ്റ് ഭൗതിക സൗകര്യങ്ങൾക്കായി എച്ച്.എം.സി അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചു.
നെടുമങ്ങാട് എം.എൽ.എയും മന്ത്രിയുമായ ജി. ആർ അനിൽ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കന്യാകുളങ്ങര ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കന്യാകുളങ്ങര സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജസ്റ്റിൻ ജോസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എന്നിവർ സന്നിഹിതരായി.