രാജ്യത്തെ മികച്ച സ്പോർട്സ് സ്കൂളാക്കി അരുവിക്കര ജി.വി രാജ സ്കൂളിനെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ1 min read

തിരുവനന്തപുരം :രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിനെ ഉയർത്തുമെന്നും 50-ാം വർഷത്തിലേയ്ക്ക് കടക്കുന്ന സ്കൂളിനായി കായിക വകുപ്പ് ഏറ്റെടുത്ത 2.70 ഏക്കറിൽ പുതിയ ഹോസ്റ്റലും കളിക്കളവും നിർമ്മിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികരംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്ത നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത സ്കൂളാണ് അരുവിക്കര ജി.വി രാജ. 2017ൽ കായിക വകുപ്പ് സ്കൂൾ ഏറ്റെടുത്തതിന് പിന്നാലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, കൃത്രിമ പുൽത്തകിടിയുള്ള ഫുട്ബോൾ ഗ്രൗണ്ട്, ഹോക്കി ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം,ബോക്സിംഗ് റിങ് തുടങ്ങിയവ സാധ്യമാക്കി, പരിശീലന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു.

വികസന പ്രവർത്തനങ്ങളുടെ ഫലമായി ഖേലോ ഇന്ത്യാ സ്റ്റേറ്റ് എക്സലൻസ് സെന്ററായി സ്കൂളിനെ തെരഞ്ഞെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം ഇതുവരെ 30 കോടിയോളം രൂപ ചെലവഴിച്ചു. 300 കുട്ടികളെ കൂടി പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുകയാണ്. സ്കൂൾ ഏറ്റെടുക്കുമ്പോൾ 8 കായിക പരിശീലകർ ഉണ്ടായിരുന്നിടത്ത് ഇന്ന് മുപ്പതോളം പേരുണ്ട്.

ഹൈടെക് ക്ലാസ് മുറികളും മികച്ച ലാബുകളും ഇ -ലൈബ്രറിയും ഒരുക്കി കായിക മേഖലയിലെ പോലെ തന്നെ അക്കാദമിക രംഗത്തും പ്രഗത്ഭരായ വിദ്യാർത്ഥികളെ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക സിലബസ് ആവശ്യമാണ് എന്ന് മനസിലാക്കി സംസ്ഥാനത്തെ മുഴുവൻ സ്പോർട്സ് സ്കൂളുകൾക്കുമായി പ്രത്യേക സിലബസ് തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

ജി സ്റ്റീഫൻ എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന് പുതിയ സ്കൂൾ ബസ് വാങ്ങി നൽകുമെന്ന് എം എൽഎ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, സ്കൂളിന്റെ ഹൈ പെർഫോമൻസ് മാനേജർ പി.ടി ജോസഫ്, പ്രിൻസിപ്പൽ എം. കെ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *