ഗവർണർ -ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച;കാലിക്കറ്റ്-സാങ്കേതിക സർവ്വകലാശാല വിഷയങ്ങൾ മുഖ്യ ചർച്ചാവിഷയമാകും1 min read

22/2/23

തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയിലെയും കാലിക്കറ്റ് സർവകലാശാലയിലെയും ബില്ലുകൾ ഗവർണറുമായുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇന്ന് നടക്കുന്ന ചർച്ചയിൽ മുഖ്യ വിഷയങ്ങളാവും.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാല വിസി, സിസാ തോമസിനെ മാറ്റണമെന്നും പകരം സർക്കാർ സമർപ്പിച്ചിട്ടുള്ള പാനലിൽ നിന്ന് ഒരാളെ
വിസിയായി നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. സിസയെ ഉടനടി മാറ്റണമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിട്ടില്ല എന്നാതാണ് രാജ് ഭവന്റെ നിലപാട്. മാത്രമല്ല KTU ആക്ട് അനുസരിച്ച് മറ്റൊരു വിസി യെയോ, പിവിസി യെയോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ മാത്രമേ താൽക്കാലിക വിസി യായി സർക്കാരിന് ശുപാർശ ചെയ്യാനാവൂ. പകരം പുതിയൊരു പാനൽ സമർപ്പിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയിൽ അപ്പീൽ പോകണമെന്നും ഗവർണർക്ക് നിയമ ഉപദേശം ലഭിച്ചിട്ടുണ്ട്.

ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചുമതലയേറ്റ സിസ തോമസിനെ മാറ്റാൻ ഗവർണർ തയ്യാറായില്ലെങ്കിൽ അത് സർക്കാരുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും. ഗവർ ണറുടെ ഉത്തരവ് അനുസരിച്ച് നിയമനം സ്വീകരിച്ച സിസാ തോമസ് സർവ്വകലാശാല ഓഫീസിൽ ഇടത് ജീവനക്കാരുടെയും സിൻഡിക്കേറ്റിന്റെയും കടുത്ത പ്രതിരോധത്തെ നേരിട്ടാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല സർക്കാർ നൽകിയ പാനലിലുള്ള മൂന്നുപേരും ഈ അക്കാദമിക് വർഷം തന്നെ റിട്ടയർ ചെയ്യുന്നവരുമാണ്.

വിസി മാരെ അടിക്കടി മാറ്റുന്നത് അഭികാമ്യമല്ല എന്ന നിലപാടാണ് ഗവർണർക്ക്. വിസി നിയമനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരിക്കും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഗവർണർ അപ്പീൽ പോവുക.

ഓർഡനൻസിലൂടെ സർവകലാശാല സിൻഡിക്കേറ്റിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട എക്സ് എം.പി, പി.കെ. ബിജു ഉൾപ്പെടെയുള്ള ആറു പേരെ
നാമനിർദേശം ചെയ്തത് സംബന്ധിച്ച ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പുവയ്ക്കാത്തതുകൊണ്ട് നാമനിർദ്ദേശം അസാധുവായതുകൊണ്ട് പ്രസ്തുത ബില്‍ ഒപ്പുവയ്ക്കണമെന്ന് ഗവർണറോട് മന്ത്രി ആവശ്യപ്പെടും. എന്നാൽ സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസിന് പകരമുള്ള നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഇന്ന് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിന്റെ കാലാവധി മാർച്ച്‌ 6 ന് അവസാനിക്കുന്നതുകൊണ്ട് സർക്കാർ നാമനിർദ്ദേശം പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു താൽക്കാലിക സിൻഡിക്കേറ്റ് രൂപീക രിക്കുന്നതിന് നടപ്പ് സമ്മേളനത്തിൽ പാസ്സാക്കാനുള്ള ബില്ല് അവതരിപ്പിക്കുവാൻ മന്ത്രി അനുമതി ചോദിക്കും.

കാലിക്കറ്റ് സർവകലാശാലയുടെ നിലവിലെ ചട്ട പ്രകാരം സെനറ്റിന്റെയോ സിൻ ഡിക്കേറ്റിന്റെയോ കാലാവധി അവസാനിക്കുകയാണെങ്കിൽ താൽക്കാലിക സമിതി ഉണ്ടാക്കുവാനുള്ള അധികാരം ചാൻസലറിൽ നിക്ഷിപ്തമാണ്. ഈ അധികാരം ചാൻസലറിൽ നിന്ന് മാറ്റാനാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. യൂണിവേഴ്സിറ്റി നിയമത്തിൽ വ്യക്തമായ വ്യവസ്ഥ ഉള്ളപ്പോൾ സമാന്തരമായി മറ്റൊരു വ്യവസ്ഥ ഉൾപ്പെടുത്തി ബില്ല് കൊണ്ടുവരുന്നത് ഗവർണർക്ക് അംഗീകരിക്കാനാവില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് നടപടികൾ അടിയന്തരമായി ആരംഭിക്കാൻ കാലിക്കറ്റ് വിസി ക്ക് നിർദ്ദേശം നൽകണമെന്നും അതുവരെ ഗവർണർ താൽക്കാലിക കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ ബില്ല് അവതരിപ്പിക്കാനുള്ള അനുമതി നൽകാൻ ഗവർണർ തയ്യാറാകില്ലെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *