16/8/22
തിരുവനന്തപുരം :സർവ്വകലാശാലകളിൻ മേലുള്ള ഗവർണരുടെ അധികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ശുപാര്‍ശ സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.
സര്‍വ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നല്‍കുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണം. ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സര്‍വ്വകലാശാലകള്‍ക്കും പ്രത്യേക ചാന്‍സലര്‍ വേണം. വൈസ് ചാന്‍സറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറേയും തെരഞ്ഞെടുക്കാം എന്നായിരുന്നു ശുപാര്‍ശ.