ഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് അറിയാം . എന്‍ഡിഎ, ഇന്ത്യ സഖ്യകക്ഷികള്‍ക്കൊപ്പം തന്നെ പ്രാദേശിക പാർട്ടികള്‍ക്കും ഏറെ നിർണ്ണായകമാകുന്ന ജനവിധിയാണ് ഇന്നത്തേത്.
ഹരിയാനയില്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമോ അതോ കോണ്‍ഗ്രസിന്റെ തിരിച്ച് വരവോ? ജെ ജെ പി കിങ് മേക്കറാകുമോ? പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ ഒളിപ്പിച്ച് വെച്ചിരിക്കുന്ന വിധിയെന്ത്? എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഇന്ന്ലഭിക്കാന്‍ പോകുന്നത്.
ജമ്മു കശ്മീർ
2014 ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. അതിന് ശേഷം ആർട്ടിക്കിള്‍ 370 എടുത്ത് കളയല്‍, കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കല്‍ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങള്‍ക്ക് മേഖല സാക്ഷ്യം വഹിച്ചു. ഒടുവില്‍ സുപ്രീംകോടതിയുടെ നിർദേശപ്രകാരം പത്ത് വർഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നു.
ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടി, കോണ്‍ഗ്രസ്, ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടി, സി പി എം എന്നിവർ ഇന്ത്യാ സഖ്യത്തിന് കീഴില്‍ ഒരുമിച്ച് മത്സരിച്ചപ്പോള്‍ ബി ജെ പിയും പി ഡി പിയും തനിച്ചാണ് മത്സരിച്ചത്. ഇന്ത്യാ സഖ്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 56, കോണ്‍ഗ്രസ് 38, പാന്തേഴ്സ് പാർട്ടി 3, സി പി എം 1 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. ബി ജെ പി 62 സീറ്റിലും പി ഡി പി 63 സീറ്റിലുമാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. മറ്റ് ഏതാനും പാർട്ടികളും വിവിധ സീറ്റുകളില്‍ മത്സരിക്കുന്നു.
2014 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. പി ഡി പി 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ജമ്മു മേഖലയില്‍ നടത്തിയ മികച്ച പ്രകടനത്തോടെ 25 സീറ്റുമായി ബി ജെ പി രണ്ടാം സ്ഥാനത്തുമെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് 15, കോണ്‍ഗ്രസ് 12 എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന കക്ഷികളുടെ സീറ്റ് നില. ഒടുവില്‍ നാടകീയമായ നീക്കത്തിലൂടെ ബി ജെ പി പിന്തുണയില്‍ പി ഡി പിയുടെ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാകുകയും ചെയ്തു.
ഹരിയാന
ഹരിയാനയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 90 സീറ്റിലേക്ക് ഒറ്റഘട്ടമായി ഒക്ടോബർ അഞ്ചാം തിയതിയാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ജെ ജെ പി-എ എസ് പി സഖ്യം, ഐ എന്‍ എല്‍ ഡി-ബി എസ് പി സഖ്യം, എ എ പി എന്നിവരും മത്സരിച്ചു. ഇവർക്ക് പുറമെ എന്‍ സി പി, സി പി ഐ, എസ് യു സി ഐ (കമ്യൂണിസ്റ്റ്) തുടങ്ങിയ പാർട്ടികളും മത്സര രംഗത്തുണ്ടായിരുന്നു
കോണ്‍ഗ്രസ് സഖ്യത്തില്‍ കോണ്‍ഗ്രസ് 89 സീറ്റിലും സി പി എം ഒരു സീറ്റിലും മത്സരിക്കുന്നു. ബി ജെ പി 89 സീറ്റില്‍ തനിച്ച് മത്സരിക്കുമ്ബോള്‍ ജെ ജെ പി – എ എസ് പി സഖ്യത്തില്‍ ജെ ജെ പി 66 സീറ്റിലും ചന്ദ്രശേഖർ ആസാദിന്റെ എ എസ് പി 12 സീറ്റിലും മത്സരിക്കുന്നു. ഐ എന്‍ എല്‍ ഡി – ബി എസ് പി സഖ്യത്തില്‍ ഐ എന്‍ എല്‍ ഡി 51, ബി എസ് പി 35 എന്നിങ്ങനെയുമായിരുന്നു സീറ്റ് വിഭജനം. എ എ പി 88 സീറ്റിലും മത്സരിച്ചു.
2019 ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 31 സീറ്റിലായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ 10 സീറ്റ് നേടിയ ജെ ജെ പിയുമായി ചേർന്ന് ബി ജെ പി സർക്കാർ രൂപീകരിച്ചു. 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ ജെ പി ഈ സഖ്യത്തില്‍ നിന്നും പുറത്ത് പോകുകയും ചെയ്തു
എക്സിറ്റ് പോൾ ഫലങ്ങൾ
എക്സിറ്റ് പോൾ ഫലങ്ങൾ ഹരിയാനയിൽ ഇന്ത്യ സഖ്യവും, ജമ്മു കശ്മീരിൽ തൂക്കുസഭയുമാണ് ഏറെ പ്രവചിക്കുന്നത്. ഹരിയാന ബിജെപിയെ കൈവിട്ട അവസ്ഥയാണ് നിലവിൽ. ജമ്മു വിൽ ഭരണ പങ്കാളിത്തം ഉറപ്പിക്കുക എന്നത് ബിജെപിയുടെ അടിത്തറ ഇളകിയില്ലെന്ന് ഉറപ്പിക്കാൻ ആവശ്യമാണ്.