12/8/22
തിരുവനന്തപുരം :ഹർ ഘർ തിരംഗ
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷമായ 2022 രാജ്യം “അസാദി കാ അമ്യത് മഹോത്സവ് ” എന്ന പേരിൽ ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സർക്കാർ “ഹർ ഘർ തിരംഗ” (എല്ലാ ഗൃഹങ്ങളിലും ത്രിവർണ്ണ പതാക) എന്ന പേരിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ സാഹചരത്തിൽ വിടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ദേശീയ പതാകയോടുള്ള ആദരവ് എങ്ങനെ കാത്തുസൂക്ഷിക്കാം എന്നും പരിശോധിക്കാം.
1 നല്ല വൃത്തിയുള്ളതും അഴുക്കില്ലാത്തതും ചുളുങ്ങാത്തതുമായ ദേശീയ പതാക വേണം ഉയർത്താൻ. പഴകി നിറം മങ്ങിയതോ കീറിയതോ ആയ ദേശീയ പതാകകൾ ഉപയോഗിക്കാതിരിക്കുക.
2 ദേശീയ പതാക ചെരിച്ച് കെട്ടരുത്. നേരേ നിവർത്തി ഉയർത്തണം.( അതായത് ദേശീയ പതാക മറ്റൊരാളെ കുമ്പിട്ടു വണങ്ങുന്ന രീതിയിൽ ചാഞ്ഞു നിൽക്കാൻ പാടില്ലാ)
3. ദേശീയ പതാക നിലത്തിടുകയോ ചവിട്ടുകയോ ചെയ്യരുത്. ദേശീയ പതാക നിലത്തോ വെള്ളത്തിലോ മുട്ടിക്കിടക്കാൻ പാടില്ല.
4 ദേശീയ പതാക മേശവിരിയായോ വസ്ത്രമായോ പുതപ്പായോ തലയിൽ കെട്ടായോ തലയിണ ഉറയായോ തുവാലയായോ ഉപയോഗിയ്ക്കരുത്.
5 ദേശീയ പതാക ജനൽ കർട്ടനായോ, വാഹനങ്ങളിൽ സൈഡ് കർട്ടനായോ വാഹനങ്ങളുടെ മുൻപിൽ ബാനർ പോലെയോ ഉപയോഗിക്കാൻ പാടില്ല.
6 ദേശീയ പതാക ചുരുട്ടിക്കൂട്ടിയോ അശ്രദ്ധമായോ ഒരിടത്തും വെയ്ക്കരുത്.
7 ദേശീയ പതാക, മണ്ണിലോ കുപ്പത്തൊട്ടിയിലോ വലിച്ചെറിയരുത്.
8 ദേശിയ പതാക ചുരുട്ടി കയർ പോലെ ഉപയോഗിക്കരുത്.
9 ദേശീയ പതാക ഉയർത്തുന്നതിനായി ഉപയോഗിക്കുന്ന കൊടിമരം പ്രത്യേകം തയ്യാറാക്കണം. വൃത്തിയും ബലവുമുളള്ള ഇരുമ്പു പൈപ്പോ പുതിയ മുളങ്കാലോ വെട്ടി ചികിയെടുത്ത അടയ്ക്കാ മരമോ ഇതിനായി ഉപയോഗിക്കാം. മാറാലച്ചൂൽ കെട്ടുന്ന കോൽ, തോട്ടി, P.V.C. പൈപ്പ് എന്നിവയിലൊന്നും ദേശീയ പതാക ഉയർത്താതിരിക്കുക. കൊടിമരത്തിന്റെ ചുവട്ടിൽ ചെടിച്ചട്ടികൾ വെച്ചും പൂക്കൾ വിതറിയും അലങ്കരിക്കാവുന്നതാണ്.
10 ദേശീയ പതാക ഉയർത്തുന്നിടത്ത് മറ്റ് കൊടികളോ കൊടിമരങ്ങളോ ഉണ്ടാവരുത്. മറ്റ് ഒരു പതാകയും ദേശീയ പതാകയ്ക്ക് മുകളിൽ ഉയർത്താൻ പാടില്ല.
11 നല്ല വൃത്തിയും വെടിപ്പുമുള്ളതുമായ സ്ഥലങ്ങളിൽ വേണം ദേശീയ പതാക ഉയർത്താൻ. മാലിന്യ കൂമ്പാരം, അഴുക്കുചാൽ എന്നിവയുടെ സമീപത്തൊന്നും ദേശീയ പതാക ഉയർത്താതിരിക്കുക. പരിസരം അലങ്കരിക്കുന്നതിനുള്ള തോരണങ്ങൾ ദേശീയ പതാകയ്ക്കും മുകളിൽ കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം.
12 ദേശീയ പതാക എപ്പോഴും തുറന്ന സ്ഥലങ്ങളിൽ വേണം ഉയർത്താൻ. മരച്ചുവട്, കാർപോർച്ച്, ഗേറ്റിന്റെ ഗ്രിൽ എന്നിവിടങ്ങളിലൊന്നും ദേശീയ പതാക കെട്ടാതിരിക്കുക.
12 വീടിനു മുകളിൽ ഉയർത്തുകയാണെങ്കിൽ മുൻ വശത്തു നിന്നും കാണത്തക്കവണ്ണം മുൻ വശത്തെ പാരപ്പെറ്റിന്റെ മധ്യത്തിലായി ഉയർത്താൻ ശ്രമിക്കുക. വൃക്ഷങ്ങളുടെ ചില്ലകൾ, വാട്ടർ ടാങ്കുകൾ, മുതലായവയൊന്നും കാഴ്ചയ്ക്ക് തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കണം.
13 കൊടിമരം കാറ്റത്ത് മറിഞ്ഞു വീഴാനിടയാവരുത്.
14 ദേശീയപതാകയുടെ കുങ്കുമ നിറം മുകളിൽ വരുന്ന രീതിയിൽ മാത്രമേ ഉയർത്താൻ പാടുള്ളു.
15 ഖാദി /സിൽക് /കോട്ടൺ /വൂൾ / പോളി യസ്റ്റർ തുണികളിൽ നിർമ്മിച്ചതും 3:2 അനുപാതത്തിൽ തുന്നിയെടുത്തതോ, മെഷീൻ തുന്നൽ നടത്തിയതോ ആയ ദേശീയ പതാകകൾ മാത്രമേ ഉയർത്താൻ പാടുള്ളു. പ്ലാസ്റ്റിക്, മറ്റ് വസ്തുക്കൾ എന്നിവ കൊണ്ട് നിർമ്മിച്ച ദേശീയ പതാകകൾ ഉയർത്തരുത്.
16 ദേശീയ പതാക പൂക്കളോ മറ്റ് അലങ്കാര വസ്തുക്കളോ കൊണ്ട് അലങ്കരിക്കാൻ പാടില്ല. ദേശീയ പതാകകൾ അലങ്കാരത്തിനായോ തോരണമായോ ഉപയോഗിക്കാൻ പാടില്ല.
17 പതാക ഉയർത്തി കഴിഞ്ഞ് പൂക്കൾ വീഴിക്കുന്ന വിധത്തിൽ ദേശീയ പതാകയിൽ പൂക്കൾ കെട്ടി ഉയർത്താവുന്നതാണ്.
18 സാധാരണ ദേശീയ പതാക സൂര്യോദയത്തിനു ശേഷം ഉയർത്തുകയും സൂര്യാസ്തമയ യത്തിന് മുമ്പ് താഴ്ത്തി അഴിച്ചുവെയ്ക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് ആഗസ്റ്റ് മാസം 13-ാം തിയതി സൂര്യോദയത്തിനു ശേഷം ദേശീയ പതാക ഉയർത്തി ആഗസ്റ്റ് 15 ന് വൈകിട്ട് സൂര്യാസ്തമയത്തിന് മുൻപ് ദേശീയ പതാക താഴ്ത്തിയാൽ മതിയാകുന്നതാന്നെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലേക്കായി ബന്ധപ്പെട്ട് നിയമങ്ങളിൽ സർക്കാർ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
19 ദേശീയ പതാക കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യൻ പതാക നിയമം നിലവിലുണ്ട്. കൂടാതെ ദേശീയ പതാകയോടുള്ള ബഹുമാനം ഉറപ്പാക്കുന്നതിനും അനാദരവ് തടയുന്നതിനും ഉദ്ദേശിച്ചു കൊണ്ട് വിവിധ നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. 1950 ലെ എംബ്ലംസ് ആന്റ് നെയിംസ്(പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട, 1971 ലെ ദേശീയ മാനത്തോടുളള അപമാനങ്ങൾ തടയൽ നിയമം, 2002 ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് എന്നിവയും പ്രധാനപ്പെട്ട നിയമങ്ങളാണ്. ഈ നിയമങ്ങൾ പ്രകാരം ദേശീയ പതാകയെ അപമാനിക്കുയോ അനാദരവ് കാണിയ്ക്കുയോ ചെയ്യുന്ന യാതൊരാളെയും കുറ്റവിചാരണയ്ക്ക് വിധേയമാക്കാവുന്നതും കുറ്റ സ്ഥാപനത്തിന്മേൽ 3 വർഷം വരെയുളള തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതുമാണ്.