കടുത്ത വേനൽ ചൂടും, പകർച്ചവ്യാധികളുടെ പ്രതിരോധവും ചികിൽസയും1 min read

കടുത്ത വേനൽ ചൂടും, പകർച്ചവ്യാധികളുടെ പ്രതിരോധവും ചികിൽസയും

ഇപ്പോൾ കടുത്ത ഉഷ്ണ കാലാവസ്ഥയിലൂടെയാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ കാലാവസ്ഥാ വ്യതിയാനം വിവിധയിനം പകർച്ചവ്യാധികൾക്ക് കാരണമാകും, അതിനാൽ അവയുടെ പ്രതിരോധ മാർഗ്ഗങ്ങളെപ്പറ്റി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണവും, മറ്റ് പ്രതിരോധ നടപടികളും മരുന്നുകളും, ചികിൽസയും എല്ലാം വളരെ ശ്രദ്ധയോടുകൂടി ചെയ്യണം, ചികിൽസയേക്കാൾ പ്രധാനമാണ് നമ്മുടെ ആരോഗ്യസംരക്ഷണവും പ്രതിരോധവും.
കനത്ത ചൂട് സൂര്യാഘാതം സൂര്യാതപം നിർജ്ജലീകരണം അഥവാ ഡിഹൈഡ്രേഷൻ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ആയതിനാൽ അധികം വെയിൽ ഏൽക്കാതെ ജോലി സമയം ക്രമപ്പെടുത്തുക, ദാഹം ഉണ്ടായാലും ഇല്ലെങ്കിലും അധികമായി വെള്ളം കുടിക്കുക, ശാരീരിക അസ്വസ്ഥതകൾക്ക് ചികിൽസ തേടുക.
ജലക്ഷാമം ഉണ്ടാകുമ്പോൾ ജലജന്യ രോഗങ്ങൾ ആയ വയറിളക്കം വയറുകടി ടൈഫോയിഡ് മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് സാദ്ധ്യത ഉണ്ട്, ഹെപ്പറ്റൈറ്റിസ് എ ഇൻഫക്ഷൻ വരാതിരിക്കാനായി ശുദ്ധജലമോ, തിളപ്പിച്ചാറ്റിയ ജലമോ മാത്രം കുടിക്കാനായി ഉപയോഗിക്കുക, സമൂഹസദ്യകൾ ഹോട്ടലുകളിലെ ആഹാരം ശീതള പാനീയങ്ങൾ ഇവയും അണുവിമുക്തവും ശുദ്ധവുമായിരിക്കണം
ഇപ്പോൾ പനി ജലദോഷം ചുമ വൈറൽ പനികൾ മുണ്ടിനീര് ഇവയും കാണപ്പെടുന്നുണ്ട്, അതിനാൽ ഇവ വരാതിരിക്കുവാനുള്ള പ്രതിരോധ നടപടികൾ, പ്രതിരോധ മരുന്നുകൾ, വാക്സിനേഷൻസ് എടുക്കണം. രോഗം വന്നാൽ ശരിയായ ചികിത്സ ചെയ്യണം.
ഇടവിട്ട് മഴ പെയ്യുന്നതുകൊണ്ട് വെള്ളം കെട്ടിക്കിടന്ന് എലിപ്പനി ഡെങ്കിപ്പനി അമീബിക് മസ്തിഷ്ക ജ്വരം ഇവയും പിടിപെടാൻ സാദ്ധ്യതയുണ്ട്. എവിടെയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം, കൊതുകുകടി ഏൽക്കാതിരിക്കുവാനുള്ള മുൻ കരുതലുകൾ സ്വീകരിക്കണം, വെള്ളം ആഹാരസാധനങ്ങൾ ഇവ മൂടിവെയ്ക്കണം, മലിന ജലത്തിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂടി നടക്കരുത്, കുട്ടികൾ കളിക്കരുത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും പ്രതിരോധ മരുന്നുകൾ ലഭ്യമാണ്, ഇവ ഉപയോഗിക്കണം. രോഗം ഉണ്ടായാൽ വേഗം തന്നെ ബന്ധപ്പെട്ട ഡോക്ടറിനെ സമീപിച്ച് ചികിൽസ തേടണം. സ്വയം ചികിൽസ വ്യാജചികിൽസ ഇവ ഒഴിവാക്കണം.

ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.

Leave a Reply

Your email address will not be published. Required fields are marked *