തിരുവനന്തപുരം :ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ (1,82,230,00 രൂപ) കൃഷിനാശം. മെയ് 22 മുതല്‍ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. 720 കര്‍ഷകര്‍ക്കാണ് മഴ മൂലം നഷ്ടമുണ്ടായത്. 13,700 കുലയ്ക്കാത്ത വാഴകളും 2,0482 കുലച്ചവയും മഴയില്‍ നശിച്ചു. ഇതോടെ മെയ് മാസം മാത്രം ഉണ്ടായ ആകെ കൃഷിനാശം 13 കോടി പിന്നിട്ടു. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്.
*ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്നു*
ശക്തമായ മഴയെതുടര്‍ന്ന് നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകളിലായി ആരംഭിച്ച ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 13 കുടുംബങ്ങള്‍ കഴിയുന്നു. പൊഴിയൂര്‍ യുപി സ്‌കൂളിലെ ക്യാമ്പില്‍ നാല് കുടുംബങ്ങളും (ആകെ 4 പേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളും (ആകെ 14 പേര്‍) കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ വലിയതുറയില്‍ ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങള്‍ (ആകെ 11 പേര്‍) കഴിയുന്നുണ്ട്. ശക്തമായ മഴയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ (മെയ് 22 മുതല്‍ 25 വരെ ) ജില്ലയില്‍ 41 വീടുകള്‍ ഭാഗികമായും 4 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.