തിരുവനന്തപുരം :നടി രഞ്ജിനിയുടെ ഹർജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂർണമായി ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കും. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ പുറത്തുവിട്ടിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.
നേരത്തെ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശമനുസരിച്ച് താൻ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർ നടപടികളെന്ന് ശനിയാഴ്ച സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സർക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യർഥനയില്‍ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ വിവരാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുല്‍ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.