തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?
ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്.
ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
“We have been following the principles laid down by the Supreme Court in various decisions, in keeping the matter extra confidential. It would also take the liberty to alert you to follow these principles, before parting with the report to anybody in a routine manner.’’
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകള്‍ സാസ്കാരിക വകുപ്പിന്‍റെ മുഖ്യവിവരാവകാശ ഓഫീസര്‍ നിരസിച്ചു. അതിനെതിരെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ 2020 ല്‍ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കഴിയില്ലെന്ന് 2020 ഒക്ടോബര്‍ 22 ന് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം പോള്‍ ഉത്തരവ് ഇട്ടു.
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നല്‍കിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്‍റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാല്‍ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തു കൊണ്ടാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് വിവരാവ കാശ കമ്മീഷന്‍ വ്യക്തമാക്കിയത്.
2020 ല്‍ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവര്‍ റൂള്‍ ചെയ്താണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ 2024 ജൂലൈ 7 ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
വിവരാവകാശ നിയമപ്രകാരം സ്വകാര്യതാ ലംഘനം ഉളള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനായിരുന്നു കമ്മീഷന്‍ നിര്‍ദേശം. അവ ഏതെല്ലാം എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് തടസ്സഹര്‍ജിയുമായി ഒരു നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി ആദ്യം സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് ആ സ്റ്റേ വെക്കേറ്റ് ചെയ്യപ്പെട്ടു. ഇതോടെ വീണ്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരു തടസ്സഹര്‍ജിയുമായി പ്രമുഖ നടി ഹൈക്കോടതിയെ സമീപിച്ചത്. അതിന്‍മേലുളള നിയമതടസ്സങ്ങള്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതിന് പിന്നാലെ റിപ്പോര്‍ട്ട് പുറത്ത് വന്നു. സര്‍ക്കാരിന് ഇതില്‍ ഒരൊറ്റ നയമേ ഉളളു. അത് ബന്ധപ്പെട്ട മന്ത്രിയടക്കമുളളവര്‍ പലതവണ വ്യക്തമാക്കിയതാണ്. റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ഒരു തരത്തിലും സര്‍ക്കാരിന് എതിര്‍പ്പ് ഉളള കാര്യമല്ല.
കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികള്‍ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങള്‍ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണല്‍ ടൈപ്പിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങള്‍ സ്വന്തമായി തന്നെ ടൈപ്പ് ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തികള്‍ കമ്മിറ്റിക്ക് മുന്‍പാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങള്‍ ചോര്‍ന്ന് വിവാദമാകുന്നത് തടയേണ്ടതിന്‍റെ അനിവാര്യത റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നര്‍ത്ഥം. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇവയാണ്.
“Another difficulty faced by the Committee is in the preparation of this report without the help of a stenographer who has computer knowledge.”
“…..we wanted to prevent any information which was disclosed to the Committee from being leaked out and becoming a controversy, even before filing of the report before the government.”
“……we are forced to type this report by
ourselves, though none of us knows professional typing. This, we
find, a tedious task.”
സിനിമയില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവവും അവ പരസ്യമായാല്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികള്‍ക്ക് പരിപൂര്‍ണമായും രഹസ്യാത്മകത ഉറപ്പുവരുത്താന്‍ കമ്മിറ്റി ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതൊക്കെ വസ്തുതയായിരിക്കെ, സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം?
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
ഇനിയും ചെയ്യും.
ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ – സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടും. അതിനുള്ള നിശ്ചയ ദാര്‍ഢ്യം തെളിയിച്ച സര്‍ക്കാരാണ് ഇത്.
*പോലീസ് റിപ്പോര്‍ട്ട് വാങ്ങിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലല്ലോ?*
വസ്തുതകളെ വളച്ചൊടിച്ച നടത്തുന്ന മറ്റൊരു പ്രചാരണമാണ് അത്.
വനിതാ കമ്മീഷന്‍റെ ഒരു കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സാംസ്കാരിക വകുപ്പിനോട് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടത്. ആ കത്തിന് നല്‍കിയ മറുപടിയില്‍ സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇങ്ങനെ രേഖപ്പെടുത്തുന്നു.
”ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കേണ്ടതിലെ ആവശ്യകത സംബന്ധിച്ച് ജസ്റ്റിസ് ഹേമ നല്‍കിയ സൂചന 2 കത്തിന്‍റെ പകര്‍പ്പും, ഈ റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കേണ്ടതില്ല എന്ന് വ്യക്തമാക്കി മുഖ്യ വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ച സൂചന 3 ഉത്തരവിന്‍റെ പകര്‍പ്പും കൂടി ഇതോടൊന്നിച്ചുണ്ട്. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കംകോണ്‍ഫിഡന്‍ഷ്യല്‍ ആയി സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.”
രഹസ്യമായി സൂക്ഷിക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഒരു രേഖയാണ് പൊലീസിന് ലഭിച്ചത് എന്നര്‍ത്ഥം.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇവിടെ വിശദീകരിച്ചു കഴിഞ്ഞു.
ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല.
അതിനപ്പുറം, മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യവും ഉണ്ട്.
എന്നാല്‍, നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തു ഉയര്‍ന്ന ഒരു വിഷയവും നിയമ നടപടി ഇല്ലാതെ പോയിട്ടില്ല.
വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസ് എടുത്ത നിലപാട് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.
പീഡന പരാതികളില്‍ നടിമാര്‍ നല്‍കുന്ന പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകന്‍ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷം പരാതി നല്‍കി. ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താല്‍പ്പര്യത്തോടെ സമ്മര്‍ദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു.
പോക്സോ കേസില്‍ മറ്റൊരു നടനെതിരെയും,പീഡന പരാതിയില്‍ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്.
ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകര്‍പ്പവകാശ ലംഘനം സൈബര്‍ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയില്‍ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നല്‍കിയ പരാതിയില്‍ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു. നടിയെ ഫോണിലൂടെ തുടര്‍ച്ചയായി ശല്യം ചെയ്ത സംഭവത്തില്‍ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്.
ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ല.