11/5/23
കൊച്ചി :സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന സമയത്തും പൊലീസ് സുരക്ഷയൊരുക്കണം.
മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജരാക്കുമ്ബോഴുള്ള മാനദണ്ഡങ്ങളാണ് ആശുപത്രിയില്‍ പാലിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
വന്ദനാ ദാസ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അതിവേഗം നിയമിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. രണ്ട് മണിക്കൂറോളം നീണ്ട സ്‌പെഷ്യല്‍ സിറ്റിംഗ് അല്‍പം മുൻപാണ്അവസാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വലിയ രീതിയിലുള്ള പിഴവാണ് ഉണ്ടായത്. അക്രമം കണ്ട് പേടിച്ച് വന്ദന നില്‍ക്കുമ്ബോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു.ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം. ഡി ജി പി ഓണ്‍ലൈനായും ഹാജരായിരുന്നു.
മുറിവ് വൃത്തിയാക്കാന്‍ കാല്‍ താഴ്ത്തിവയ്ക്കാന്‍ നഴ്സ് ആവശ്യപ്പെട്ടെങ്കിലും സന്ദീപ് സമ്മതിച്ചില്ലെന്നും, ഈ സമയം ബന്ധു രാജേന്ദ്രന്‍ പിള്ള കാല്‍ ബലമായി താഴ്ത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
പ്രതിയുമായി ആശുപത്രിയില്‍ എത്തിയ പൊലീസുകാര്‍ക്ക് തോക്കുണ്ടായിരുന്നില്ലേയെന്നും ഡിവിഷന്‍ബെഞ്ച് ഇന്നലെ ചോദിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ നടപടികള്‍ വേണം. സംരക്ഷണം നല്‍കാന്‍ എന്തുകൊണ്ട് പൊലീസിന് കഴിഞ്ഞില്ല. സൈനികരായിരുന്നെങ്കില്‍ ജീവന്‍കൊടുത്ത് സംരക്ഷണം നല്‍കിയേനേ. പൊലീസിന് എന്തിനാണ് തോക്ക് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കണമായിരുന്നു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുമോ. പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.