തിരുവനന്തപുരം :29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അവസരം ഒരുക്കുകയാണ് കെ എസ് എഫ് ഡി സി യും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നൊരുക്കുന്ന ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. സിനിമാ വിദഗ്ദ്ധർക്കും സിനിമ വിവിധ വേദികളിൽ മാർക്കറ്റ് ചെയ്യുന്നവർ, ഡെലിഗേറ്റുകൾ തുടങ്ങിയവർക്ക് മുന്നിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കും. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ ഭാഗിക പ്രദർശനവും വ്യൂയിങ് റൂമിൽ നടത്താം. 60 അടി നീളവും 30 അടി വീതിയുമുള്ള തിയേറ്ററിൽ 35 പേർക്ക് ഇരിക്കുവാനുള്ള സൗകര്യമാണുള്ളത്. അത്യാധുനിക സംവിധാനങ്ങളായ ഫുൾ എച്ച് ഡി പ്രോജെക്ടറും 2 .1 സൗണ്ട് സിസ്റ്റവും ഉണ്ട്. വളരെ എളുപ്പത്തിൽ പ്രേക്ഷകപ്രതികരണങ്ങൾ അറിയാൻ വ്യൂയിങ് റൂം സംവിധാനത്തിലൂടെ സാധിക്കും.
ചിത്രങ്ങളുടെ സ്ക്രീനിംഗ് കൂടാതെ വിശദമായ ചർച്ചകൾ നടത്തുന്നതിനും പ്രേക്ഷകർക്ക് ചിത്രത്തിന്റെ ട്രെയ്ലറുകൾ കാണുന്നതിനും പരസ്യങ്ങൾക്കുമായി പ്രത്യേക സൗകര്യമുണ്ട്. സിനിമ പ്രവർത്തകർക്ക് വ്യൂയിങ് റൂം 30 മിനിറ്റിന് 500 രൂപയും കേരള ഫിലിം മാർക്കറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡെലിഗേറ്റുകൾക്കു 45 മിനിറ്റിന് സൗജന്യമായും വ്യൂയിങ് റൂം ഉപയോഗിക്കുവാനായി കഴിയും.
വ്യൂയിങ് റൂം സംവിധാനം പുതുസിനിമകളെ സ്വീകരിച്ചു കൊണ്ടുള്ള കേവലം പരിപോഷണം മാത്രമല്ല, മറിച്ചു സിനിമ മേഖലയുടെ സമഗ്ര നിർമ്മിതിയിലേക്കുള്ള നാഴികകല്ല് കൂടിയാണ്.