തിരുവനന്തപുരം: കാല്പന്തുകളിയിലെ രാജകുമാരന്‍ പത്മശ്രീ ലഭിച്ച ഐ.എം വിജയനെ നാളെ തലസ്ഥാനം ആദരിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ ഫുട്ബാൾ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് 4.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ചടങ്ങ്.
മന്ത്രി ജി.ആർ.അനിൽ , മുൻ സ്പോർട്സ് മന്ത്രിമാരായ എം.വിജയകുമാർ, പന്തളം സുധാകരൻ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി, ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ ഡോ.എസ്.രാജശേഖരൻ എന്നിവർ സംബന്ധിക്കും.
തുടർന്ന് പ്രദർശന മത്സരത്തിൽ മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.
ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരത്തിൽ മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും കളിക്കളത്തിലിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.