തിരുവനന്തപുരം :അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് ലഹരി വിരുദ്ധത ആശയമാക്കി സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നശാമുക്ത് ഭാരത് അഭിയാൻ, ആസാദ് സേന എന്നിവരുടെ സഹകരണത്തോടെ പാളയം അയ്യൻകാളി ഹാളിൽ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), തീം ഡാൻസ്, മൈം, ചിത്ര രചന, പെയിന്റിങ് ഇനങ്ങളിലാണ് മത്സരം നടന്നത്. ആസാദ് സേനയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി മുതൽ അയ്യങ്കാളി ഹാൾ വരെ വിളംബര ഘോഷയാത്ര നടന്നു. സമാപന സമ്മേളനം ഭക്ഷ്യ പൊതു വിതരണ വകുപ്പുമന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിളപ്പിൽ രാധാകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ദിനേശൻ, വനിത ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനീറ്റ എസ് ലിൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷൈനി മോൾ എം എന്നിവരും പങ്കെടുത്തു.