21/7/22
ഘോരവനങ്ങൾ, നീല ജലാശയങ്ങൾ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളും…ആൻഡമാൻ ദ്വീപിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകങ്ങൾ പലതാണ്. ആൻഡമാൻ കാണാൻ താത്പര്യമുള്ളവർക്ക് ടൂർ പാക്കേജ് ഒരുക്കുകയാണ് ഐആർസിടിസി. ( Andaman tour packages irctc )
572 ദ്വീപ് സമൂഹങ്ങളാണ് ആൻഡമാനിലുള്ളത്. ഇവയിൽ ചിലതിൽ ആൾതാമസമുണ്ടെങ്കിലും ഭൂരിഭാഗം ദ്വീപും ഇപ്പോഴും നിഗൂഢതകൾ ഒളിപ്പിച്ച് ആൾപാർപ്പില്ലാതെ കിടക്കുന്നു. ആറ് പകലുകളും അഞ്ച് രാത്രിയുമുള്ള ഐആർസിടിസി ടൂർ പാക്കേജിൽ എന്തെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് നോക്കാം :
ആദ്യ ദിവസം
ആൻഡമാനിലെ പോർട്ട് ബ്ലെയർ എത്തിച്ചേരുന്ന സഞ്ചാരിയെ ടൂർ പാക്കേജ് പ്രതിനിധി വന്ന് ഹോട്ടലിലേക്ക് കൊണ്ടുപോകും. ഉച്ച ഭക്ഷണത്തിന് ശേഷം കോർബിൻസ് കോവ് ബീച്ചിലേക്ക് കൊണ്ടുപോകും. പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകൾ പേറുന്ന സെല്ലുലാർ ജയിലിലേക്കും കൊണ്ടുപോകും. ഇവിടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയിരിക്കും. പോർട്ട് ബ്ലെയറിലാണ് രാത്രി താമസം
രണ്ടാം ദിവസം
രണ്ടാം ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞ് റോസ് ഐലൻഡിലേക്ക് യാത്ര പോകാം. ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്നു റോസ് ഐലൻഡ്. ഇവിടെ പുരാതന കെട്ടിടങ്ങളായ ചീഫ് കമ്മീഷ്ണർ ഓഫിസ്, സർക്കാർ ഗസ്റ്റ് ഹൗസ്, ക്രിസ്ത്യൻ പള്ളി, ശവക്കല്ലറകൾ എന്നിവയുടെ അവശേഷിപ്പുകൾ കാണാം. ഇതിന് ശേഷം നോർത്ത് ബേ ഐലൻഡും കാണാം. ഇവിടെ നിരവധി വാട്ടർ സ്‌പോർട്ട്‌സുകൾ ഉണ്ട്. അവ ആസ്വദിക്കാം. വൈകുന്നേരം ഷോപ്പിംഗ് നടക്കാം. തിരികെ പോർട്ട് ബ്ലെയറിലെ ഹോട്ടൽ മുറിയിലേക്ക് മടക്കം.
മൂന്നാം ദിവസം
പൊതിഞ്ഞെടുത്ത പ്രഭാത ഭക്ഷണവുമായി പുലർച്ചെ തന്നെ പാവ്‌ലോക്ക് ഐലൻഡിലേക്ക് പോകണം. കടൽ മാർഗമായിരിക്കും യാത്ര. രാവിലെ 10 മണിയോടെ അവിടുത്തെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യണം. ഉച്ചയ്ക്ക് ലോക് പ്രശസ്ത രാധാ നഗർ ബീച്ചിലും കാലാ പഥർ ബീച്ചിലും സമയം ചെലവിടാം. രാത്രി ഹോട്ടലിലേക്ക് മടങ്ങാം.
നാലാം ദിനം
പ്രഭാത ഭക്ഷണത്തിന് ശേഷം ചെക്കൗട്ട് ചെയ്യണം. സഞ്ചാരിയുടെ സ്വന്തം ചെലവിൽ എലഫാന്റ ബീച്ചിലേക്ക് യാത്ര പോകാം. തിരികെ ഹാവ്‌ലോക്കിൽ എത്തണം. ഇവിടുന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ഫെറിയിലൂടെ നീൽ ആലൻഡിൽ എത്തണം. ഇവിടുത്തെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം വൈകീട്ടോടെ നാചുറൽ ബ്രിഡ്ജിലും ലക്ഷ്മണപുർ ബീച്ചിലെ സൂര്യാസ്തമയവും കാണാം. രാത്രി ഹോട്ടലിലേക്ക് മടങ്ങാം.
അഞ്ചാം ദിനം
പ്രഭാത ഭക്ഷണത്തിന് ശേഷം ഭാരത്പുർ ബീച്ചിലേക്ക് പോകും. ഇവിടെ നിരവധി വാട്ടർ സ്‌പോർട്ട് ആക്ടിവിറ്റീസ് സഞ്ചാരിയെ കാത്തിരിപ്പുണ്ട്. ഇവിടുന്ന് പോർട്ട് ബ്ലെയറിലേക്ക് തിരികെ കടൽ മാർഗം സഞ്ചാരം. അവിടെ രാത്രി തങ്ങും.
ആറാം ദിനം- അവസാന ദിനം
വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്ത് ചെക്ക് ഔട്ട് ചെയ്യണം. നിങ്ങളെ വിമാനത്താവളത്തിലേക്ക് തിരികെ എത്തിക്കും. ഇതോടെ ആൻഡമാൻ യാത്ര പൂർണമാവുകയാണ്.
ചെലവ്
ഒരാൾക്ക് 23,665 രൂപയാണ് ചെലവ് വരുന്നത്. ഇതിൽ ഹോട്ടൽ മുറി, ഷെഡ്യൂൾ പ്രകാരമുള്ള യാത്രാ ചെലവുകൾ, എൻട്രി പർമിറ്റുകൾ, ടിക്കറ്റ് ചാർജുകൾ, ഫോറസ്റ്റ് ഏരിയ പർമിറ്റുകൾ എന്നിവ ഉൾപ്പെടും. അഞ്ച് ദിവസത്തെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇതിൽ ഉൾപ്പെടും. ടാക്‌സി ചാർജുകളും മറ്റ് യാത്രാ നിരക്കുകളും ഇതിൽ ഉൾപ്പെടും. മറ്റ് ടാക്‌സ് നിരക്കുകളും ഉൾപ്പെടും.
റൂം സർവീസ്, ക്യാമറ ചാർജ്, മസാജിംഗ്, സലൂൺ, ബെവറേജ്, ഉച്ച ഭക്ഷണം തുടങ്ങിയ വ്യക്തിപരമായ ചെലവുകൾ ഈ പാക്കേജിൽ ഉൾപ്പെടില്ല. എലഫാന്റ ബീച്ചിലേക്ക് സ്വന്തം ചെലവിൽ വേണം സഞ്ചാരി പോകാൻ. വാട്ടർ സ്‌പോർട്ട് ആക്ടിവിറ്റീസിനുള്ള പണവും സഞ്ചാരി വഹിക്കണം.