ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചു. ആഗോളതലത്തില്‍ 300 കോടി രൂപ കടന്നതോടെയാണ് ഷാരൂഖ് ചിത്രം ദേശീയ അന്തര്‍ദേശീയ ബോക്സ് ഓഫീസിലും ഇപ്പോൾ ചരിത്രം കുറിക്കുന്നത്.
ജവാന് ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ലഭിച്ചിരിക്കുന്നതെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രത്തിന്റെ കളക്ഷൻ 200 കോടിക്ക് മുകളിലാണ്. തമിഴില്‍ 5.34 കോടി, തെലുങ്കില്‍ 3.74 കോടി, ഹിന്ദിയില്‍ 73.76 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷൻ. ഷാരൂഖ് ചിത്രമായ പഠാന്റെ റെക്കോര്‍ഡിനെയും മറികടന്നുകൊണ്ടാണ് ജവാൻ ഇപ്പോൾ മുന്നറിക്കൊണ്ടിരിക്കുന്നത്.
അതേസമയം റിലീസ് ആയി ഒരു ദിവസം പിന്നിട്ടപ്പോള്‍ ചിത്രം സ്വന്തമാക്കിയത് ഏകദേശം 75 കോടി രൂപയാണ്. 65 കോടി രൂപ ഹിന്ദി പതിപ്പില്‍ നിന്നും ബാക്കി 10 കോടി രൂപ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നുമാണ് നേടിയത്. കേരളത്തില്‍ നിന്നുള്ള ആദ്യ ദിന കലക്ഷൻ 3.5 കോടിയാണ്. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനും ജവാൻ നേടി. റിലീസ് ചെയ്ത് ആദ്യ ദിവസം ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ഉണ്ടായിരുന്നത്. ഹിന്ദിയില്‍ 60.76 കോടിയും ചിത്രം നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി തെലുങ്കില്‍ നിന്നും 5.29 കോടിയും ജവാൻ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി ചിത്രം നേടിയതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പിവിആര്‍, സിനിപോളിസ് അടക്കമുള്ള രാജ്യത്തെ നാഷനല്‍ തിയറ്റര്‍ ശൃംഖലയിലെ ആദ്യ ദിന കലക്ഷനിലും ‘ജവാൻ’ റെക്കോര്‍ഡിട്ടു. പിവിആര്‍ ഐനോക്സില്‍ 23.60 കോടി രൂപ നേടി. സിനിപൊളിസില്‍ 5.75 കോടിയും ചിത്രം നേടിയിട്ടുണ്ട്.