തിരുവനന്തപുരം : ജീവിതവും മരണവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന മന:ശാസ്ത്ര നാടകം ‘ജീവന്മരണ പോരാട്ടം’ തൈക്കാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തിൽ അരങ്ങേറി.
മരിക്കണോ, ജീവിക്കണോ എന്ന മാനസിക സംഘർഷം നേരിടുന്ന ഒരു പോലീസും കള്ളനും കഥാപാത്രങ്ങളായി വേദിയിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടിയായിരുന്നു. കഥാപാത്രങ്ങളായ എ. എസ് ജോബിയും പ്രകാശ് പ്രഭാകറും പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.
മനോഹരമായ ഗാനങ്ങൾ പഴയ കാല നാടകങ്ങളുടെ സ്മരണകളുണർത്തി.
വേൾഡ് മലയാളി കൗൺസിൽ സൗത്ത് പ്രൊവിൻസ് കേരള സംഘടിപ്പിച്ച ‘അഭിനയം, ആനന്ദം ‘ നാടക സന്ധ്യയോടനുബന്ധിച്ചായിരിന്നു നാടകം അരങ്ങേറിയത്. ജീവിതഗന്ധിയായ കഥ പറയുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ജിജി കലാമന്ദിർ ആണ് .
ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡോ.എസ്. ജനാർദ്ദനൻ, അനിൽ ഗോപൻ, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നാടക പ്രവർത്തകരായ നെയ്യാറ്റിൻകര കൃഷ്ണൻ നായർ, അഡ്വ. ശ്രീകുമാർ ( മൈമേഴ്സ് ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.