ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു ;NPP യിൽ ചേർന്നേക്കും1 min read

19/4/23

കോട്ടയം :ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ മുന്‍ എം എല്‍ എമാരെ അണിനിരത്തി സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാര്‍ട്ടി നിലവില്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികള്‍ക്ക് യു ഡി എഫില്‍ നിന്ന് അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. ‘വരാന്‍ പോകുന്നത് ക്രിസ്ത്യന്‍ പാര്‍ട്ടിയല്ല. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളും അതിലുണ്ടാകും. ദേശീയ കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ആരോടും പ്രത്യേക മമതയില്ലാതെ പ്രവര്‍ത്തിക്കണം. ആര്‍ക്കും ബദലാകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.’ – ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ പി പി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ച്‌ നാളായി പാര്‍ട്ടിയുടെ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരികയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു എന്നിവരും എന്‍ പി പിയുടെ തലപ്പത്തുണ്ടാകുമെന്നാണ് സൂചന. പത്തനംതിട്ട യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച വിക്ടര്‍ ടി തോമസും പാര്‍ട്ടിയിലുണ്ടായേക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു ജോണി നെല്ലൂര്‍.

Leave a Reply

Your email address will not be published. Required fields are marked *