15/3/23
തിരുവനന്തപുരം :ഗണേഷ് കുമാർ എം. എൽ. എ യുടെ ഇടപെടൽ ഗുണം കണ്ടു. ഷീബയെ വിദഗ്ധ ചികിത്സക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ എത്തിക്കും.ചികിത്സ സൗജന്യമാണ്.
കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്ക് ഏഴുതവണ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമായിരുന്നില്ല. കഴിഞ്ഞദിവസം ഗണേശ് കുമാര്‍ ഈ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ആരോഗ്യവകുപ്പിലെ ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്നും അവര്‍ തല്ല് ചോദിച്ചുവാങ്ങുകയാണെന്നും ഗണേശ് കുമാര്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ കഴിഞ്ഞദിവസം സഭയില്‍ ആരോപിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ ഏഴ് ശസ്ത്രക്രിയകള്‍ക്കാണ് ഷീബ വിധേയയായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനയ്ക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് ഷീബ പറയുന്നു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ച ഷീബയെ അഡ്മിറ്റ് ചെയ്യാനോ മതിയായ ചികിത്സ നല്‍കാനോ ജനറല്‍ സര്‍ജറി വിഭാഗം തലവന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ തയ്യാറായില്ലെന്നാണ് ഗണേശ് കുമാര്‍ ആരോപിച്ചത്. സര്‍ജറിയ്ക്ക് വേണ്ടി കീറിയ മുറിവ് തുന്നിക്കെട്ടാതെ ആ രോഗി ദുരിതം അനുഭവിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യാന്‍ സൂപ്രണ്ട് നിര്‍ദ്ദേശിച്ചെങ്കിലും ഇതു ചെയ്യാതെ ഡോ. ശ്രീകുമാര്‍ മുങ്ങി. ഈ സ്ത്രീ ഡോ. ശ്രീകുമാറിനെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു തയ്യാറായാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ താന്‍ നല്‍കാമെന്നും ഗണേശ് അറിയിച്ചിരുന്നു.