എറണാകുളം :കൊച്ചി തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മത്സ്യബന്ധന മേഖലയിലുണ്ടായ പ്രതിസന്ധി ലഘൂകരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും കേരള മുഖ്യമന്ത്രിയ്ക്കും കെ സി വേണുഗോപാല്‍ എംപി കത്തു നല്കി.
കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയത് ആലപ്പുഴയിലെയും കൊല്ലത്തെയും ഉള്‍പ്പെടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളെയാണ് സാരമായി ബാധിച്ചതെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കപ്പല്‍ മറിഞ്ഞതിനെത്തുടര്‍ന്ന് നിരവധി കണ്ടെയ്നറുകള്‍ കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നത് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുകയും സമുദ്ര പരിസ്ഥിതിക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
മുങ്ങിയ കണ്ടെയ്നറുകളില്‍ കുടുങ്ങി ട്രോളിംഗിനിടെ അഴീക്കല്‍ തുറമുഖത്തു നിന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ വലകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും നഷ്ടപ്പെട്ട സംഭവം കത്തില്‍ കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഏകദേശം മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമാണ് കണക്കാക്കുന്നത്. ട്രോളിംഗ് നിരോധനത്തിന് ഏതാനും ദിവസം മാത്രമുള്ളപ്പോഴുള്ള ഈ സംഭവം മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നതാണ്. മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുകയും അതുവഴി അവരുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ഷിപ്പിംഗ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് കിലോമീറ്ററുകളോളം ഒഴുകിപ്പോയ കണ്ടെയ്നറുകള്‍ കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, അപകടം സംസ്ഥാനത്തിന്റെ അധികാരപരിധിക്ക് പുറത്തായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. ഒഴുകിപ്പോയ കണ്ടെയ്നറുകളുടെ കൃത്യമായ ജിപിഎസ് ലൊക്കേഷനുകള്‍ നിര്‍ണ്ണയിക്കാന്‍ കഴിയാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വലിയ വെല്ലുവിളി നേരിടുന്നു. വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കാനുള്ള സാധ്യതയും കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അവ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് പാരിസ്ഥിതിക ഭീഷണി ഉയര്‍ത്താനും സാധ്യതയുണ്ട്. സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതം നികത്താന്‍ ഉടനടി നടപടി വേണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ച് കടലില്‍ മുങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്തി നീക്കം ചെയ്യണമെന്നും മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആഭ്യന്തര മന്ത്രിക്ക് എഴുതിയ കത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായും സഹകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.