15/10/22
തിരുവനന്തപുരം :കോവിഡ് മഹാമാരിയുടെ കാലത്ത്വന്‍ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം അന്വേഷിക്കാനുള്ള ലോകായുക്തയുടെ ഉത്തരവില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് ശൈലജ അറിയിച്ചു. ലോകായുക്തയുടെ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു അവര്‍. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ശൈലജ വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയത്.
‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാകും. ഒന്നും പ്രശ്നമല്ല. കെഎംസിഎല്ലിന്റെ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് തീരാന്‍ പോവുകയാണെന്നും വാങ്ങിയില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അപകടത്തിലാകുമെന്നും പറഞ്ഞു. ഞാന്‍ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കാന്‍ പറഞ്ഞു. പക്ഷേ, ഗുണനിലവാരവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
മാര്‍ക്കറ്റില്‍ പിപിഇ കിറ്റിന്റെ വില വര്‍ധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പിപിഇ കിറ്റ് 1500 രൂപയായി. ഞാന്‍ മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോദിച്ചു. പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തില്‍ 50,000 പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 15,000 പിപിഇ കിറ്റ് വാങ്ങിയപ്പോഴേക്കും മാര്‍ക്കറ്റില്‍ വില കുറയാന്‍ തുടങ്ങി. തുടര്‍ന്ന് 35,000 പിപിഇ
കിറ്റിന്റെ ഓര്‍ഡര്‍ റദ്ദാക്കി. പിന്നീട് മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് വാങ്ങി. എന്ത് ശിക്ഷ നല്‍കിയാലും സ്വീകരിക്കാന്‍ തയ്യാറാണ്’, കെ.കെ ശൈലജ പറഞ്ഞു.
ഇന്നലെയാണ് കെ.കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്കായിരുന്നു നോട്ടീസ് അയച്ചത്. കോവിഡിന്റെ തുടക്കത്തില്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുടക്കത്തില്‍ തന്നെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. നോട്ടീസിന് ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ലോകായുക്തയുടെ താക്കീത്.