കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പുറമേ തർക്കം ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവം, പങ്കാളിത്ത പെൻഷൻ സർക്കാർ വാക്കുപാലിക്കണം – കെ മുരളീധരൻ1 min read

 

തിരുവനന്തപുരം :കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പരസ്യമായി പോരടിക്കുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരസ്യമായി കേന്ദ്രത്തിനെ കുറ്റം പറഞ്ഞു കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണ്.
ചികിത്സയും മരുന്നുമില്ലാതെ ആശുപത്രികളും ക്ഷേമപെൻഷൻ കിട്ടാത്ത വാർദ്ധക്യത്തിലെത്തിയ നിരാലംബരും ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ആഘോഷങ്ങൾ നടത്തുന്നതിനാണ് സർക്കാർ മുൻകൈയെടുക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും വിതരണം ചെയ്യാൻ കഴിയാത്ത സർക്കാരാണ് ഇന്ന് ഭരണത്തിലുള്ളത്.
ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്ത് ഏത് ആവശ്യം വന്നിരുന്നാലും സാലറി ചലഞ്ച് എന്ന ആശയം മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ളത്.
വയനാട്ടിലെ പുനരധിവാസത്തിന് എത്ര തുക വേണമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ കണക്കില്ല. കേന്ദ്ര സർക്കാരിനെ ഇതിന്റെ ആവശ്യകത സമയബന്ധിതമായി ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടില്ല.

പന്ത്രണ്ടാം ശമ്പള പരിഷ്കരണം ജൂലൈ മാസത്തിൽ ലഭിക്കേണ്ടതായിരുന്നെങ്കിലും അതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം ഉടൻ അനുവദിക്കണം.

ജീവനക്കാർ ഏതു ജനക്ഷേമ പ്രവർത്തനത്തിനും സഹായം നൽകാൻ തയ്യാറാണെങ്കിലും അത് വിതരണം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ അവരെ അതിൽ നിന്നും മാറ്റി നിർത്തുന്നു.
ദുരന്തബാധിത മേഖലകളിൽ നേരിട്ട് സഹായം എത്തിക്കുന്ന എൻ.ജി.ഒ അസോസിയേഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

ജീവനക്കാരെ എക്കാലവും വഞ്ചിച്ച ചരിത്രമാണ് പിണറായി സർക്കാരിനുള്ളത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ എഴുതിച്ചേർത്തവർ അത് നടപ്പാക്കാതെ തടി തപ്പുകയാണ്.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറജയകുമാർ ഉദ്ഘാടനം ചെയ്തു.
വി.എസ്. ശിവകുമാർ അഡ്വക്കേറ്റ് ജി. സുബോധൻ, പാലോട് ,
രവി, കെ എസ് ശബരീനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർഖാൻ, സംസ്ഥാന ട്രഷറർ എം ജെ തോമസ് ഹെർബിറ്റ്, ബി.എസ് ഉമാശങ്കർ,എ.പി. സുനിൽ, രാകേഷ് കമൽ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ : ആർ.എസ് പ്രശാന്ത് കുമാർ (ജില്ലാ പ്രസിഡന്റ്)
സി. ഷാജി (ജില്ലാ സെക്രട്ടറി )
പി.ജി പ്രദീപ് (ജില്ലാ ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *