തിരുവനന്തപുരം :സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ-സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി.
അരുവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 42ആം നമ്പർ റേഷൻകട, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുളപ്പടയിലുള്ള 280 നമ്പർ റേഷൻകട, കുര്യാത്തിയിലുള്ള 330 നമ്പർ റേഷൻകട എന്നിവയാണ് കെ-സ്റ്റോറുകളായി മാറിയത്. മൂന്ന് കെ-സ്‌റ്റോറുകളുടെയും ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.
ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും ഒരു കുടകീഴിൽ കൊണ്ട് വരാൻ കെ സ്റ്റോറുകളിലൂടെ കഴിയുമെന്ന് എം. എൽ. എ പറഞ്ഞു.
നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി ,മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിൽ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52 ഇനം സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ-സ്റ്റോറിലുണ്ട്.
നെടുമങ്ങാട് താലൂക്കിൽ മൂന്ന് ഘട്ടങ്ങളിലായി 22 റേഷൻകടകളാണ് കെ-സ്റ്റോറുകളായി മാറിയത്. നാലാംഘട്ടത്തിൽ 15 കെ-സ്‌റ്റോറുകളാണ് താലൂക്കിൽ തുറക്കുന്നത്. ഇതോടെ ഓണത്തിന് മുന്നോടിയായി ആകെ റേഷൻകടകളുടെ 10 ശതമാനം കടകളെ കെ-സ്‌റ്റോറുകളാക്കി മാറ്റണമെന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കുന്ന ജില്ലയിലെ ഏക താലൂക്കായി നെടുമങ്ങാട് മാറും.
വെള്ളനാട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയും, കുളപ്പടയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം മിനിയും കുര്യാത്തിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം സുനിത എസും ആദ്യ വിൽപ്പന നടത്തി.
വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത.ജെ എന്നിവരും സന്നിഹിതരായിരുന്നു.