13/6/23
തിരുവനന്തപുരം :മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിലെ പ്രതിപട്ടികയിൽ ചേർക്കപെട്ട സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നതിന് പിന്നാലെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോദപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്.
മുൻകൂര്‍ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി.
മോൻസണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ചിന്റെ കളമശേരി ഓഫീസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് നോട്ടീസും നല്‍കി.
തങ്ങളില്‍ നിന്ന് മോൻസണ്‍ പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂര്‍ ചെറുവാടി യാക്കൂബ് പുരയില്‍, അനൂപ് വി.അഹമ്മദ്, എം.ടി.ഷമീര്‍, സിദ്ധിഖ് പുരയില്‍, ഇ.എ.സലിം, ഷാനിമോൻ എന്നിവര്‍ നല്‍കിയ പരാതിയിലാണ് 2021 സെപ്തംബറില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ താൻ 25 ലക്ഷം രൂപ മോൻസണ് നല്‍കിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയില്‍ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും മൊഴി നല്‍കിയത്.
പുരാവസ്തുക്കള്‍ വിദേശികള്‍ക്ക് വിറ്റ വകയില്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്നും അത് ശരിയാക്കാൻ പണം വേണമെന്നും പറഞ്ഞാണ് മോൻസണ്‍ പരാതിക്കാരെ കബളിപ്പിച്ചത്. ഇതിനായി എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും കാണിച്ചു.
ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന പണം മോൻസണിന് ലഭിക്കാൻ ഇടപെടാമെന്ന് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ സുധാകരൻ ഉറപ്പു നല്‍കിയെന്നും പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. കെ.സുധാകരൻ മോൻസണിന്റെ കലൂരിലെ വീട്ടില്‍ പത്ത് ദിവസം കോസ്‌മറ്റോളജി ചികിത്സ നടത്തിയതായും പരാതിക്കാര്‍ ആരോപിച്ചിരുന്നു. പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. കണ്ണിന്റെ ചികിത്സയ്ക്ക് കലൂരിലെ മോൻസണിന്റെ വീട്ടില്‍ അഞ്ചു വട്ടം പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിറുത്തിയെന്നും സുധാകരൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഐ.പി.സി. 420 : സാമ്പത്തിക തട്ടിപ്പ്
ഐ.പി.സി. 468 : ചതിക്കാനായി വ്യാജരേഖകള്‍ ചമയ്ക്കല്‍
ഐ.പി.സി. 471 : വ്യാജരേഖ അസല്‍രേഖയായി കാണിച്ച് ചതിക്കല്‍. എന്നീ വകുപ്പുകളാണ് സുധാകരന് മേൽ ചുമത്തിയിരിക്കുന്നത്.