തിരുവനന്തപുരം :തലസ്ഥാനത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം സംസ്ഥാന സർക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രേഖകൾ സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് വ്യക്തമായ വാഗ്ദാനം നൽകിയിട്ടും, രണ്ട് വർഷത്തിലേറെയായി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കിയത്.
കേരള സർക്കാർ രണ്ട് വർഷമായി നഷ്ടപരിഹാര പ്രക്രിയ വൈകിപ്പിച്ചിട്ടും, മോദി സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ദുരിതബാധിത കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയിട്ടുണ്ട്. കേരള സർക്കാർ രേഖകൾ സമർപ്പിച്ച 25 ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് എൻഎച്ച്എഐ ഉറപ്പുനൽകിയിട്ടുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഭൂമി വിട്ടുകൊടുത്തവരെ സഹായിക്കാനുള്ള മോദി സർക്കാരിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരള സർക്കാർ രണ്ട് വർഷമെടുത്ത് പൂർത്തിയാക്കിയ രണ്ട് പേപ്പർവർക്കുകൾ മോദി സർക്കാർ വെറും ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കിയിരിക്കുകയാണ്. നിഷ്ക്രിയമായ സംസ്ഥാന സർക്കാർ സംവിധാനങ്ങളും കേന്ദ്രസർക്കാരിന്റെ കാര്യക്ഷമവും മനുഷ്യത്വപരവുമായ ഭരണവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ് നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമുണ്ടായതെന്ന് വ്യക്തമാണ്. വേണ്ടത്ര ജീവനക്കാരുടെ അഭാവമാണ് പ്രശ്നത്തിൻ്റെ പ്രധാന കാരണം. നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ എൽഡിഎഫ് സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ഔട്ടർ റിംഗ് റോഡ് സംഭവം. നഷ്ടപരിഹാര തുക ലഭിക്കാത്തതിനാൽ കിളിമാനൂരിൽ 57 വയസുകാരൻ ആത്മഹത്യ ചെയ്തിട്ടും സർക്കാർ അനങ്ങിയില്ലെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.