സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ1 min read

തിരുവനന്തപുരം :വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് ദുരന്തത്തിന് മുൻപുള്ള എസ്ഡിആർഎഫ് ഫണ്ടിൻ്റെ കണക്കുകൾ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിൻ്റെ ഗുരുതരമായ കൃത്യവിലോപമാണ്. കൃത്യമായ കണക്കുകൾ ഹൈക്കോടതിയിൽ നൽകാതെ കേരളത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇന്നത്തെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാറിൻ്റെ കഴിവ് കേട് തെളിയിക്കുന്നതാണ്. വയനാടിന് കൂടുതൽ സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നാണ് കോടതി തന്നെ പറയുന്നത്. കണക്ക് ചോദിക്കുമ്പോൾ രാഷ്ട്രീയം കളിക്കുന്ന പരിപാടി ഇനിയെങ്കിലും മുഖ്യമന്ത്രി ഒഴിവാക്കണം. കൃത്യമായ കണക്ക് തന്നാൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം നിൽക്കാമെന്ന നിലപാടെടുത്തത് സംസ്ഥാനത്തിൻ്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ്. വയനാട്ടിൽ തകർന്ന വീടുകളുടെ എണ്ണവും നാശനഷ്ടങ്ങളുടെ വിവരങ്ങളും ആറുമാസമായിട്ടും തിട്ടപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. ഒരു വ്യക്തതയുമില്ലാത്ത കണക്കാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. സംസ്ഥാനത്തിൻ്റെ ഖജനാവിൽ നിന്നും ഒരു രൂപ പോലും ഇതുവരെ വയനാടിന് വേണ്ടി ചിലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്തിന് വേണ്ടിയായിരുന്നു വയനാടിൻ്റെ പേരിൽ സംഭാവനകൾ വാങ്ങിക്കൂട്ടിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹായധനം അനുവദിച്ചിട്ടും കേരളം പണം ചിലവഴിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *