തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് നേരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ ലജ്ജാകരമായ മറുപടി പറയാൻ മടിയില്ലാതായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഞ്ചിക്കോട് ബ്രൂവറി, കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതി തുടങ്ങിയവയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. സിഎജി റിപ്പോർട്ട് പുറത്തുവിട്ടതിലും വലിയ കൊള്ള കൊവിഡ് സർക്കാർ നടത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് സർക്കാർ മനസാക്ഷിക്ക് നിരക്കാത്ത അഴിമതി നടത്തി. ഏറ്റവും കൂടുതൽ മരണം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കേരളത്തിൽ തന്നെ. കൊവിഡ് കാലത്തെ അഴിമതിയെ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ സർക്കാർ ആവശ്യപ്പെടണം. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ എന്തിന് പിണറായി വിജയൻ ഭയക്കണമെന്നും സുരേന്ദ്രൻ ചോദിച്ചു.
ബ്രൂവറിയുടെ കാര്യത്തിൽ പിണറായി സർക്കാർ വലിയ നയവ്യതിയാനമാണ് നടത്തിയത്. കൊള്ള ലക്ഷ്യമിട്ടാണ് എംബി രാജേഷ് ഇതിന് ഇറങ്ങിയിരിക്കുന്നത്. പാലക്കാട് കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയാണ്. പ്രതിഷേധിക്കുന്നതിന് പകരം അഴിമതിയിൽ കോൺഗ്രസും പങ്കുപറ്റി. കോൺഗ്രസ് നേതാവാണ് മദ്യ കമ്പനിക്ക് വേണ്ടി സ്ഥല ഇടപാട് നടത്തിയത്. നായനാർ സർക്കാരിൻ്റെ കാലത്തെ നിലപാട് മാറ്റിയത് സിപിഎം ജനങ്ങളോട് വിശദീകരിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ മണ്ഡലം പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി കഴിഞ്ഞു. ഈ മാസം 27ന് ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യപിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.