പെരിയകേസിൽ നീതി ലഭിച്ചത് സിബിഐ അന്വേഷിച്ചതിനാൽ: കെ.സുരേന്ദ്രൻ1 min read

 

തിരുവനന്തപുരം :പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചത് സിബിഐ കേസ് അന്വേഷിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് തെളിയിക്കാൻ സിബിഐക്ക് സാധിച്ചു. സിപിഎമ്മിന്റെ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളിലെല്ലാം സിപിഎം പ്രവർത്തകരായ പ്രതികളെ അവർ രക്ഷിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് യുഡിഎഫ് പ്രവർത്തകരുടെ കൊലപാതക കേസുകളിൽ വരെ പ്രതികൾ കുടുങ്ങി തുടങ്ങിയത്. മലബാറിലെ രാഷ്ട്രീയ കൊലപാതക കേസുകൾ സിബിഐ അന്വേഷിച്ചു തുടങ്ങിയതോടെ യഥാർത്ഥ പ്രതികൾ കുടുങ്ങുകയും സിപിഎം കൊലക്കത്തി താഴെയിടാൻ നിർബന്ധിതമാവുകയും ചെയ്തു. മറ്റ് പ്രതികൾക്ക് കൂടി ശിക്ഷ ലഭിക്കേണ്ടതുണ്ട്. കോൺഗ്രസിന് ഈ കാര്യത്തിൽ ഒരു ആത്മാർത്ഥതയും ഇല്ല. നേരത്തെ കോൺഗ്രസ് സർക്കാരുകൾ കേന്ദ്രവും കേരളവും ഭരിച്ച സമയത്ത് കോൺഗ്രസുകാരും ലീഗുകാരും സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടും പ്രതികളായ സിപിഎമ്മുകാർ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പരുമല കേസിലും ടിപി ജയകൃഷ്ണൻ മാസ്റ്റർ കേസിലും സിബിഐ അന്വേഷണത്തിന് വിടാതിരുന്നത് എകെ ആൻറണിയായിരുന്നു. കോൺഗ്രസ്- സി പിഎം ഒത്തുകളിയാണ് ഇതിന് കാരണം. ടിപി ചന്ദ്രശേഖരൻ വധക്കേസിലും കോൺഗ്രസ്- സിപിഎം അഡ്ജസ്റ്റ്മെന്റ് ജനങ്ങൾ കണ്ടതാണ്. പെരിയ കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടപ്പോൾ അതിനെതിരെ ലക്ഷങ്ങൾ പൊടിച്ച് സുപ്രീംകോടതിയിൽ വരെ അപ്പീലുമായി പോയവരാണ് സംസ്ഥാന സർക്കാർ. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സിപിഎം ക്രിമിനലുകളെ കേസിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിന് പിണറായി വിജയൻ കേരളീയ പൊതുസമൂഹത്തിന് മുമ്പിൽ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *