അർജുനെ രക്ഷിക്കുന്നതിൽ കർണാടക സർക്കാർ അലംഭാവം കാട്ടി: കെ. സുരേന്ദ്രൻ1 min read

 

തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കര്‍ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ ഉടന്‍ രക്ഷിക്കാമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതിലും ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിലും പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ആദ്യത്തെ മൂന്ന് ദിവസം മൂന്ന് ജെസിബി മാത്രമാണ് ഉണ്ടായിരുന്നത്. മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനവും മാധ്യമങ്ങളില്‍ വന്നതിനു ശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്രൂരമായ അനാസ്ഥക്കെതിരെ സിപിഎം നേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഒരു മലയാളിയെ കാണാതായിട്ടു പോലും കേരളത്തിന്റെ ഇടപെടല്‍ ഉണ്ടായില്ല. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിന് കര്‍ണ്ണാടകയുടെ ചുമതലയുള്ള കെ. സി. വേണുഗോപാല്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയാണ് കര്‍ണാടക ഭരിക്കുന്നതെങ്കില്‍ ഈ നാട്ടില്‍ ഇപ്പോള്‍ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെയെനന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ സഖ്യം ആയത് കൊണ്ട് പിണറായിയോ ഗോവിന്ദനോ കര്‍ണാടക സര്‍ക്കാരിനെതിരെ മിണ്ടുന്നില്ല. കേരളത്തില്‍ നിന്ന് ഒരു മന്ത്രിപോലും സ്ഥലം സന്ദര്‍ശിക്കാനോ, ബന്ധുക്കളെ കാണാനോ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കര്‍ണ്ണാടക സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരുങ്ങുന്നതിലൂടെ നിരവധി ആളുകള്‍ തൊഴില്‍ രഹിതരാകും. കര്‍ണ്ണാടകയില്‍ 30 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍പോലും കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയർന്നുവരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, എൻഡിഎ നേതാക്കളായ പത്മകുമാർ, ഹരികുമാർ, കുരുവിള മാത്യൂസ്, സന്തോഷ് കാളിയത്ത്, വി.വി. രാജേന്ദ്രൻ, പി.എസ്. രാമചന്ദ്രൻ, സജി മഞ്ഞക്കടമ്പിൽ, ബിജു മേലാറ്റൂർ തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് സ്വാഗതവും ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ പരുത്തിപ്പിള്ളി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *