22/5/23
ആദ്യ സംവിധാനചിത്രമായ കാക്കതുരുത്ത്, കാണാനാവാതെ, അകാലത്തിൽ വിടപറഞ്ഞ പ്രമുഖ എഴുത്തുകാരൻ ഷാജി പാണ്ഡവത്തിന് സമർപ്പിച്ചു കൊണ്ട്, കാക്കതുരുത്ത് ഒ.ടി.ടിയിൽ റിലീസായി.ഷാജി പാണ്ഡവത്തിൻ്റെ വലിയ പ്രതീക്ഷയായിരുന്നു കാക്കതുരുത്ത് .വർഷങ്ങൾ എടുത്ത് എഴുതിയ തിരക്കഥ നന്നായി ചിത്രീകരിക്കാൻ കഴിഞ്ഞു. വലിയ പ്രതീക്ഷയോടെ ചിത്രത്തിൻ്റെ വർക്കുകൾ പൂർത്തീകരിക്കുന്നതിനിടയിലാണ്, മരണം കടന്നു വന്നത്. ഇപ്പോൾ, ചിത്രത്തിൻ്റെ നിർമ്മാതാവ് മധുസൂധനൻ മാവേലിക്കര മുൻക്കൈ എടുത്ത് ചിത്രം പൂർത്തീകരിച്ചു. പ്രമുഖ സംവിധായകൻ വേണു ബി.നായർ, മധുസൂദനൻ മാവേലിക്കര ,റോഷിനി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
പ്രഭാതത്തിൻ്റെ പ്രതീക്ഷയും, സായന്തനത്തിൻ്റെ സ്വാന്ത്വനവും സമം ഉരച്ച് പാകപ്പെടുത്തിയ തുരുത്തിലെ കഥയാണ് ചിത്രം പറയുന്നത്. പ്രകൃതി ചൂഷകവർഗ്ഗം, ആധുനികതയുടെ കരിം പുതപ്പ് തുരുത്തിൻ്റെ മേലെ വീശി വിരിക്കുന്നതു വരെ ശാന്തമായിരുന്നു തുരുത്ത് .തലമുറകളായി തുരുത്തിൻ്റെ കാവലാളായിരുന്നു വേലച്ചനും കുടുംബവും.വേലച്ചൻ ഒരു പ്രതീക്ഷയാണ്. നിരാശയില്ലാത്ത കാത്തിരിപ്പിൻ്റെ പ്രതീകം.ആധുനികത ഭ്രമിക്കുന്ന ദേവൂട്ടിയുടെ നടവരമ്പുകളിൽ ഇരുട്ടിൻ്റെ സ്വപ്നങ്ങൾ വിതറി ചൂഷകവർഗ്ഗം. ഒടുവിൽ കാപട്യത്തിൻ്റെ യാഥാർത്ഥ്യം തൊട്ടറിയുന്ന ദേവൂട്ടി.
തെരുവ് ജാലവിദ്യക്കാരൻ കൃഷ്ണൻ്റെ മകളായ ജയന്തി, ദേവൂട്ടിയുടെ ഉറ്റ സുഹൃത്തായി മാറുന്നു. അതിനിടയിൽ കൃഷ്ണൻ്റെ അപ്രതീക്ഷിത മരണം തുരുത്തിൽ അശാന്തി വിതയ്ക്കുന്നു. അപ്പോഴും വേലച്ചൻ പ്രതീക്ഷയോടെ മുന്നോട്ടു പോയി.ദേവൂട്ടിയുടെ ഹംസനാദം കേട്ടുണർന്നു കാക്കത്തുരുത്ത് .
വ്യത്യസ്തമായ പ്രമേയം, ശക്തമായാണ് ഷാജി പാണ്ഡവത്ത് അവതരിപ്പിച്ചത്. വേലച്ചൻ എന്ന കഥാപാത്രത്തെ പ്രശസ്ത സംവിധായകൻ വേണു.ബി.നായരാണ് അവതരിപ്പിച്ചത്.ജന്മിയായി മധുസൂദനൻ
മാവേലിക്കരയും, ജയന്തിയായി റോഷിനിയും വേഷമിടുന്നു.
ഫ്രെയിം ടു ഫെയിമിനു വേണ്ടി മധുസൂദനൻ മാവേലിക്കര നിർമ്മിക്കുന്ന കാക്ക തുരുത്ത്, ഷാജി പാണ്ഡവത്ത്, രചന, സംവിധാനം ചെയ്യുന്നു.ക്യാമറ – രാജേഷ് പീറ്റർ, എഡിറ്റിംഗ് – സോബിൻ കെ.എസ്, സംഗീതം – അജി സരസ്, മേക്കപ്പ് – പട്ടണം ഷാ, കോസ്റ്റ്യൂം – ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ – അജിമേടയിൽ. സ്റ്റിൽ – കണ്ണൻ സൂരജ്, പി.ആർ.ഒ- അയ്മനം സാജൻ
വേണു ബി.നായർ, മധുസൂദനൻ മാവേലിക്കര ,റോഷിനി.ശ്രീജ, കുഞ്ഞുമോൻ, സുബൈർ, അഡ്വ.ഗണേഷ് കുമാർ എന്നിവർ അഭിനയിക്കുന്നു. 369 റീൽസ് ഒ.ടി.ടിയിൽ ചിത്രം റിലീസ് ചെയ്തു –