കളിക്കള’ ത്തിലെ കായിക താരങ്ങളെ തുടർന്നു പരിശീലിപ്പിക്കാൻ ജി വി രാജ സ്പോർട്സ് സ്കൂൾ തയ്യാറെന്ന് മന്ത്രി വി അബ്ദുറഹ്മാൻ1 min read

 

തിരുവനന്തപുരം :ധാരാളം കഴിവുള്ള കായിക താരങ്ങളെ കണ്ടെത്താൻ ഉതകുന്ന കായികമേളയായി കളിക്കളം മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ജി വി രാജ സ്പോർട്സ് സ്കൂൾ പട്ടികവർഗ്ഗ വിഭാഗത്തിലെ നിരവധി കായിക താരങ്ങളെ തയ്യാറാണെന്നും താല്പര്യമുള്ളവർക്ക് അടുത്ത അധ്യായ വർഷത്തിൽ അഡ്മിഷൻ നൽകാനും പഠനത്തോടൊപ്പം ആവശ്യമായ പരിശീലനം നൽകാനും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല എൽ എൻ സി പി ഇ അധികൃതർ ഈ കളിക്കളം അവസാനിക്കുമ്പോൾ പ്രഗത്ഭരായ കുട്ടികളെ ഏറ്റെടുത്ത് അവരുടെ പഠന സാഹചര്യങ്ങളും പരിശീലന സാഹചര്യങ്ങളും ഒരുക്കി അവരെ കൂടി ചേർത്തു നിർത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള ‘കളിക്കളം -2024’ ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.

പട്ടിക ജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ കളിക്കളം 2024 ന്റെ സ്മരണിക പ്രകാശനം ചെയ്തു. കളിക്കളത്തിൽ എത്തിയ വിദ്യാർത്ഥികൾക്ക് നിരവധി കായികയിനങ്ങളിൽ പങ്കെടുക്കാനും അവരുടെ മികച്ച കഴിവുകൾ പുറത്തെടുക്കാനും അതുപോലെ ഊർജ്ജസ്വലത കൈവരിക്കാനും സാധിച്ചുവെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. നമ്മുടെ ജീവിതത്തിൽ ഉടനീളം കൃത്യമായ അച്ചടക്കവും ദിശാ ബോധവും ഉണ്ടാകണമെന്നും കളിക്കളം കായികമേളയിൽ വിജയികളായവരെയും പങ്കെടുത്ത മുഴുവൻ പേരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികവർഗ വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, കാര്യവട്ടം എൽ എൻ സി പി ഇ പ്രിൻസിപ്പൽ ജി കിഷോർ, പട്ടിക വർഗ വികസന വകുപ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ എസ്, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മൂന്നുദിവസങ്ങളില്‍ 96 ഇവന്റുകളിലായി 1400 കുട്ടികളാണ് കളിക്കളത്തില്‍ മാറ്റുരച്ചത്. 22 എം. ആര്‍. എസ് 18 പി ഒ, ടി ഡി ഒ (ഹോസ്റ്റല്‍)ടീമുകള്‍ ചേര്‍ന്ന് ആകെ 40 ടീമുകള്‍ ഇത്തവണത്തെ മത്സരങ്ങളില്‍ പങ്കെടുത്തു. വളരെ മികച്ച പ്രകടനങ്ങള്‍ക്കാണ് ഇത്തവണ എല്‍ എന്‍ സി പി ഇ യുടെ മൈതാനങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ഓവറോള്‍ വിഭാഗത്തില്‍ എം ആര്‍ എസ് കണിയാമ്പറ്റയാണ് ഒന്നാമത് എത്തിയത്. എം ആർ എസ് കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. ആൺ കുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ എം ആർ എസ് ഒന്നാം സ്ഥാനത്തും നല്ലൂർനാട് ഡോ അംബേദ്‌കർ മെമ്മോറിയൽ എം ആർ എസ് രണ്ടാം സ്ഥാനത്തുമാണ്. കൂടാതെ പെൺകുട്ടികളുടെ വിഭാഗത്തിൽ എം ആര്‍ എസ് കണിയാമ്പറ്റയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കട്ടേല ഡോ അംബേദ്‌കർ മെമ്മോറിയൽ എം ആർ എസാണ്.

Leave a Reply

Your email address will not be published. Required fields are marked *