കൊച്ചി :സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. 2015 മുതല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്നുണ്ട്. കാനത്തിന്റെ കാലിന് അപകടത്തില്‍ പരിക്കേല്‍ക്കുകയും അണുബാധയെ തുടര്‍ന്ന് അടുത്തിടെ കാല്പാദം മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
വാഴൂരില്‍നിന്ന് രണ്ടു തവണ നിയമസഭയിലെത്തി. അനാരോഗ്യംമൂലം കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. 52 വര്‍ഷമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 2006ല്‍ എ.ഐ.ടു.യു.സി സംസ്ഥാന സെക്രട്ടറിയായി. 1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി.കെ. പരമേശ്വരൻ നായരുടെ മകനായാണ് ജനനം.
എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. 23ാം വയസ്സില്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1982ലും 87ലുമാണ് വാഴൂരില്‍നിന്ന് നിയമസഭയിലെത്തിയത്. ആദ്യം എം.കെ. ജോസഫിനെയും പിന്നീട് പി.സി. തോമസിനെയുമാണ് തോല്പിച്ചത്.
കാൽ പാദം മുറിച്ചു മാറ്റിയെങ്കിലും വേഗം ആശുപത്രി വിടാമെന്ന ആത്മവിശ്വാസത്തലായിരുന്നു അദ്ദേഹം. പ്രമേഹ രോഗവും അണുബാധയും മൂലമാണ് അദ്ദേഹത്തിന്റെ വലതു കാല്പാദം മുറിച്ചു മാറ്റേണ്ടിവന്നത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്ക്കുന്ന കാനത്തെ ഒരു തരത്തിലും അത് തളര്‍ന്നിട്ടില്ല. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു. അക്കാര്യം അദ്ദേഹം പലരുമായും പങ്കുവെക്കുകയും ചെയ്തു.
എന്റെ ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രമേഹം അത് കൂടുതല്‍ മോശമാക്കി. കാര്യമായ പ്രശ്നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്താണ് മുറിവുണ്ടായത്. പ്രമേഹം കലശലായതിനാല്‍ മുറിവ് കരിഞ്ഞില്ല.
രണ്ടു മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും കാലില്‍ പഴുപ്പു മുകളിലേക്കു കയറിയിരുന്നു. ആദ്യം രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഓപ്പറേഷൻ സമയത്തു ഡോക്ടര്‍മാര്‍ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി. എന്നിട്ടും അണുബാധക്കു കുറവുണ്ടായില്ല. ഒടുവില്‍ പാദം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു. എന്നിട്ടും അദ്ദേഹത്തിന് തിരിച്ചുവരാമെന്നും രാഷ്ട്രീയത്തില്‍ സജീവമായി വരാമെന്നും പ്രതീക്ഷയുണ്ടായി.