16/3/23
കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ (1910-1946) ഇന്ന് 77-ാം ചരമവാർഷികം .സ്മരണാഞ്ജലികൾ…. കൊല്ലത്തെ തൊഴിലാളി വർഗ്ഗത്തിൻ്റെ കണ്ണിലുണ്ണിയും സ്വാതന്ത്ര്യസമരത്തിലെ മിന്നൽപ്പോരാളിയുമായിരുന്നു കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ.സ്റ്റേറ്റ് കോൺഗ്രസ്സ് അനുഭാവിയായിട്ടാണ് കണ്ണന്തോട്ടം തിരുവിതാംകൂർ രാഷ്ടീയത്തിലേക്ക് പ്രവേശിച്ചത്.കൊച്ചി ഇടപ്പള്ളി ദേശത്തുള്ള കണ്ണന്തോടത്ത് കൊച്ചു മoത്തിൽ ജാനകിയമ്മയുടേയും കൊല്ലം പ്രാക്കുളത്ത് താന്നിക്കൽ കുടുംബാംഗമായ രാമൻപിള്ളയുടേയും സീമന്തപുത്രനായി 1910-ൽ ജനിച്ചു. പിതാവ് രാമൻ പിള്ള ഇംഗ്ലണ്ടിൽ പോയി ബാർ അറ്റ്ലായും ഫോറസ്റ്ററി പരീക്ഷയും പാസ്സായി നാട്ടിൽ തിരിച്ചെത്തി. തിരുവിതാംകൂർ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗസ്ഥനായി.തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു രാമൻപിള്ള.സമൃദ്ധിയുടെ നടുവിൽ ജനിച്ചു വളർന്ന ജനാർദ്ദനൻ നായർ എല്ലാ സുഖങ്ങളും പരിത്യജിച്ച് നിരാലംബരും നിസ്സഹായരുമായ തൊഴിലാളികളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുവാനുള്ള അത്യന്തം ശ്രമകരമായ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്.കൊല്ലം ജില്ലയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ അടിസ്ഥാന ശിലകൾ പാകിയത് കണ്ണന്തോടത്ത് ജനാർദ്ദനൻ നായരാണ്. അദ്ദേഹം സ്ഥാപിച്ച ഏറ്റവും വലിയ ട്രേഡ് യൂണിയൻ തിരുവിതാംകൂർ നാവിക തൊഴിലാളി യൂണിയനാണ്. കൊല്ലത്ത് കശുവണ്ടി ടെക്സ്റ്റൈൽ മേഖലകളിലും അദ്ദേഹം ട്രേഡ് യൂണിയനുകൾ സ്ഥാപിച്ചിട്ടുണ്ട്. 1937 മുതൽ 44 വരെ ശ്രീ മൂലം അസംബ്ലിയിൽ കാർത്തികപ്പള്ളി – കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അംഗമായി. സി .പി രാമസ്വാമി അയ്യരുടെ ദുർഭരണത്തെ അസംബ്ലിയിലും പുറത്തും അതിനിശിതമായി വിമർശിച്ചുകൊണ്ടിരുന്ന കണ്ണത്തോടത്തിനെതിരെ, രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു രാഷ്ടീയ തടവുകാരനായി 11 മാസത്തോളം ആരുവാമൊഴി സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്.പുന്നപ്ര വയലാർ സമരത്തിൽ സി.പി രാമസ്വാമി അയ്യർ കണ്ണന്തോടത്ത് ജനാർദനൻ നായരെയും പ്രതിയാക്കി. അങ്ങനെ അദ്ദേഹം ഒളിവിൽ കഴിയവെ സുഭാഷ് ചന്ദ്ര ബോസിൻ്റെ സഹോദരൻ ശരത്ചന്ദ്ര ബോസിനെ കാണാൻ വേണ്ടി കൽക്കടക്ക് പോയി. അവിടെ വച്ച് മാരകമായ വസൂരി രോഗബാധയാൽ 1946 മാർച്ച് 16ന് അന്തരിച്ചു. കുമ്പളത്ത് ശങ്കു പിള്ളയുടെ അനന്തിരവൾ സരസ്വതി അമ്മയാണ്. ഭാര്യ.4 മക്കൾ.. കൊല്ലം ജില്ലയിലെ പാരിപ്പള്ളി, എഴിപ്പുറത്ത് 1957-ൽ പ്രമുഖ സ്വാതന്ത്യ സമര സേനാനി കണ്ണത്തോടത്ത് ജനാർദ്ദനൻ നായരുടെ സ്മാരകമായി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശിഷ്യൻ പി.ഭാസ്ക്കരക്കുറുപ്പിൻ്റെ മാനേജ്മെൻറിൽ ആരംഭിച്ച അപ്പർ പ്രൈമറി സ്കൂളാണ് ഇന്നത്തെ കെ.ജെ.എം ടി.ബി.യു.പി.എസ് പാരിപ്പള്ളി. ആദ്യകാലത്ത് ഇതിൻ്റെ പേര് കണ്ണന്തോട്ടത്ത് ജനാർദ്ദനൻ മെമ്മോറിയൽ യു.പി.എസ്. എന്നായിരുന്നു.പിൽക്കാലത്ത് അദ്ധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടു കൂടി ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുകയും കെ.ജെ.എം ടി.ബി.യു.പി.എസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.കരിമ്പാലൂർ പുഷ്പാ നന്ദൻ ഉണ്ണിത്താൻ വരച്ച കണ്ണത്തോടത്ത് ജനാർദ്ദനൻ നായരുടെ ഛായ ചിത്രം ഈ സ്കൂളിൽ മുൻ മന്ത്രി.ടി.കെ.ദിവാകരനാണ് അനാച്ഛാദനം ചെയ്തത്.,