നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം; കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ട ചുമതല1 min read

 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറാണ് അന്വേഷണ സംഘ തലവന്‍.

കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ആറ് ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. കണ്ണൂര്‍ എസിപി രാജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്‌എച്ച്‌ഒ സനല്‍കുമാര്‍, എസ്‌ഐ രേഷ്മ, സൈബര്‍ സെല്‍ എസ്‌ഐ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *