ഒരു മാറ്റവുമില്ലാതെ കോൺഗ്രസ്‌;വമ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി പദത്തിൽ തീരുമാനമായില്ല, സമർദ്ദം ശക്തമാക്കി ശിവകുമാർ1 min read

14/5/23

ബംഗളൂരു :മികച്ച വിജയം നേടി അധികാരം ഉറപ്പിച്ചിട്ടും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനാകാതെ കർണാടക കോൺഗ്രസ്‌.90MLA മാരുടെ പിന്തുണയുള്ള സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിനായി സമർദ്ദം ശക്തമാക്കി ശിവകുമാറും രംഗത്തുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിൽ തീരുമാനമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശിവകുമാറിന് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നു.

തിര‌ഞ്ഞെടുപ്പില്‍ വിജയക്കുറി തൊടാന്‍ കോണ്‍ഗ്രസിന് സഹായകമായത് പി സി സി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നീ നേതാക്കളുടെ ഭഗീരഥ പ്രയത്നമാണെന്നതിനാല്‍ ഇവരിലൊരാള്‍ തന്നെയാകും മുഖ്യമന്ത്രി പദത്തിലെത്തുക. ഇന്ന് വൈകിട്ട് ബംഗളൂരുവില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമാകും. മുഖ്യമന്ത്രി ആരാകണമെന്നത് വോട്ടിനിട്ടായിരിക്കും തീരുമാനിക്കുക.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ എം എല്‍ എമാര്‍ സിദ്ധരാമയ്യയുടെ ഒപ്പം നില്‍ക്കാനാണ് സാദ്ധ്യത. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും നല്‍കിയേക്കും. രാഹുല്‍ ഗാന്ധിയും ഭൂരിപക്ഷം എം എല്‍ എമാരും പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ ആണ്. അതേസമയം, ശിവകുമാറിനാണ് സോണിയയുടെയും ഖാ‌ര്‍ഗെയുടെയും പിന്തുണയുള്ളത്. ശിവകുമാറിനെതിരായുള്ള കേസുകള്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ശിവകുമാറും എം ബി പാട്ടീലുമടക്കം മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ എന്ന ഫോര്‍മുലയും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

സിദ്ധരാമയ്യ

അനുകൂല ഘടകം:

2013 മുതല്‍ 2018വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയ അഴിമതിയും വര്‍ഗീയതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവ്. ജനങ്ങള്‍ക്കിടയില്‍ വന്‍സ്വീകാര്യത. സാധാരണക്കാര്‍ക്കിടയില്‍ മതിപ്പുളവാക്കുന്ന പ്രാസംഗികന്‍.

പ്രതികൂലം:

തന്റെ സമുദായമായ കുറുബ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രാമുഖ്യം കൊടുത്തെന്നും ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളെ തഴഞ്ഞെന്നും ആക്ഷേപം. ടിപ്പു സുല്‍ത്താനെ പുകഴ്ത്തിയത് വിവാദമായിരുന്നു. പാര്‍ട്ടി നേതൃത്വത്തോട് വിധേയത്വം കുറവ്. ജെ.ഡി.എസില്‍ നിന്നാണ് കോണ്‍ഗ്രസിലെത്തിയത്.

ഡി കെ ശിവകുമാര്‍

അനുകൂലഘടകം:

തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കോണ്‍ഗ്രസിനെ സര്‍വസജ്ജമാക്കിയ പോരാളി. ഇപ്പോഴത്തെ വിജയത്തിന്റെ ശില്പി. പ്രതിസന്ധികളില്‍ പാര്‍ട്ടിയുടെ രക്ഷകന്‍.

ബി.ജെ.പി തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുന്ന നേതാവ്. ബി.ജെ.പിയുടെ പണക്കൊഴുപ്പിനെ നേരിടാന്‍ പ്രാപ്തനായ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍. നിയമസഭയിലേക്ക് എട്ടാം തവണ.

പ്രതികൂലം:

കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐയും ഇ.ഡിയും ഐ.ടി വകുപ്പും ഒന്നിലധികം കേസുകളില്‍ പ്രതിയാക്കി.104 ദിവസം തിഹാര്‍ ജയിലില്‍ കഴിയേണ്ടിവന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്. മുഖ്യമന്ത്രിയായാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ കേസുകള്‍ വഴി ജയിലിലടയ്ക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *