16/5/23
ബംഗളൂരു :കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് തന്നെയെന്ന് സൂചന.സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം വഹിക്കുമെന്നും ശേഷിക്കുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിന് സ്ഥാനം കൈമാറുമെന്നും സൂചനകളുണ്ട്.
ഷിംലയിലുള്ള സോണിയ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം ഡി കെ ശിവകുമാറുമായും സിദ്ധരമായ്യയുമായും ചര്‍ച്ച നടത്തും. ഇതിന് ശേഷം വൈകാതെ തന്നെ മുഖ്യമന്ത്രി സ്ഥാന പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്ന ഡി കെ ശിവകുമാറുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സമവായ ചര്‍ച്ച നടത്തി വരികയാണ്. വിമത നീക്കത്തിന് മുതിരില്ലെന്ന് ഡി കെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹത്തെ നിരാശപ്പെടുത്താതിരിക്കാനുള്ള ശ്രമമാണ് നിലവില്‍ പുരോഗമിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനവും ഡിസിസി അദ്ധ്യക്ഷ സ്ഥാനവും ഡി കെ തന്നെ വഹിക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയും ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം ‘പാര്‍ട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് നല്‍കും’ എന്നാണ് ഡല്‍ഹി യാത്രയ്ക്ക് തൊട്ട് മുന്‍പ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയത്. എം എല്‍ എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
75കാരനായ സിദ്ധരാമയ്യയ്‌ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വര്‍ഷം അവസരം നല്‍കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കിയാല്‍ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കര്‍ണാടക ഡി.ജി.പിയുമായിരുന്ന പ്രദീപ് സൂദിനെ കേന്ദ്രസര്‍ക്കാര്‍ സി ബി ഐ ഡയറക്‌ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.