13/5/23
കർണാടക :കന്നഡ പോരിൽ ഫലം എണ്ണിതുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ബിജെപിയും, കോൺഗ്രസും ഇഞ്ച്ചോടിഞ്ചു പോരാട്ടം . പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിൽ കോൺഗ്രസ് 100സീറ്റിലും, ബിജെപി 80സീറ്റിലും ലീഡ് ചെയ്യുന്നു.
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ എക്സിറ്റ്പോള്‍ ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ ഭരണം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഭരണത്തില്‍ നിര്‍ണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്. 224 സീറ്റുകളുള്ള നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാല്‍ കേവല ഭൂരിപക്ഷം നേടാനാകും.
73.19 ശതമാനം വോട്ടെടുപ്പ് നടന്ന ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിച്ചത്. 140 സീറ്റുകള്‍ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഒരു ദേശീയ മാദ്ധ്യമം നടത്തിയ സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സര്‍വേകള്‍ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജെഡിഎസ് കിംഗ് മേക്കറാകും.
പാര്‍ട്ടികള്‍ ഇതിനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെഡിഎസ് നേതാക്കള്‍ അവകാശപ്പെട്ടു. എന്നാലിത് ബിജെപിയും കോണ്‍ഗ്രസും നിഷേധിച്ചു. 140 സീറ്റുകള്‍ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു. തങ്ങള്‍ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതല്‍ 125 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.