10/6/23
തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾ മാറാട്ടത്തിൽ കോളേജിനെതിരെ വൻ പിഴ ചുമത്തി കേരള സർവകലാശാല.
1,55,938 രൂപ പിഴയൊടുക്കാനാണ് കോളേജിനോട് സര്‍വകലാശാല ആവശ്യപ്പെട്ടത്. സർവ്വകലാശാല സിൻഡിക്കേറ്റിന്റേതാണ് തീരുമാനം.
ആള്‍മാറാട്ടം കണ്ടെത്തിയതിനുപിന്നാലെ സര്‍വകലാശാല തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുമൂലമുണ്ടായ നഷ്ടം കോളേജിന്റെ ഭാഗത്തുനിന്ന് ഈടാക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പിഴ നല്‍കിയത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറായി (യു യു സി) വിജയിച്ച അനഘയ്ക്ക് പകരം എസ് എഫ് ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി എ വിശാഖിനെ ഉള്‍പ്പെടുത്തിയായിരുന്നു തിരിമറി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പല്‍-ഇൻ-ചാര്‍ജായിരുന്ന ഡോ. ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും തട്ടിപ്പ് കാട്ടിയ വിദ്യാര്‍ത്ഥി വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും കോളേജ് സസ്‌പെൻഡും ചെയ്തിരുന്നു.
സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റത്തിനാണ് കേരള സര്‍വകലാശാല നല്‍കിയ പരാതിയിലെ കേസ്. യൂണിയൻ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയത് കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായി പൊലീസിന് നല്‍കിയ പരാതിയില്‍ രജിസ്‌ട്രാര്‍ വ്യക്തമാക്കിയിരുന്നു.