20/1/23
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ ഏർപ്പെടുത്തിയേക്കും. 2023-’24 അധ്യയനവർഷം മുതൽ പ്രവേശന പരീക്ഷ വേണമെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിർദേശം വെച്ചിരുന്നു. കഴിഞ്ഞ ദിവസം നഴ്‌സിങ് കോളേജ് മാനേജ്‌മെന്റുകളുമായി ആരോഗ്യവകുപ്പ് വിഷയം ചർച്ച ചെയ്തു.
പ്രവേശന പരീക്ഷാ നിർദേശം സ്വീകാര്യമാണെന്ന നിലപാട് മാനേജ്‌മെന്റുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പരീക്ഷ, പ്രവേശനം നടത്തേണ്ട രീതി, പരീക്ഷ നടത്തുന്ന ഏജൻസി, പ്രവേശന മാനദണ്ഡം, സീറ്റ് വിഭജനം എന്നിവ സംബന്ധിച്ച് തീരുമാനമുണ്ടാകേണ്ടതുണ്ട്.
നിലവിൽ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽമാത്രമാണ് ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ മാനദണ്ഡമാക്കുന്നത്. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം നടത്തുന്നത്.
സംസ്ഥാന നഴ്‌സിങ് കൗൺസിലിന്റെ ചട്ടം പരിഷ്കരിക്കുന്നതിനും ആലോചിച്ചിട്ടുണ്ട്. നഴ്‌സിങ് കോളേജുകളിലെ പരിശോധനയും അഫിലിയേഷനും സമയബന്ധിതമാക്കണമെന്ന നിർദേശവും മാനേജ്‌മെന്റുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികളായ വി. സജി, അയിര ശശി, ഫാ. ഷൈജു എന്നിവരും പങ്കെടുത്തു.